ആര്‍എസ്എസ് അജണ്ട നടപ്പാക്കാൻ കോടികൾ വാങ്ങി കീഴടങ്ങേണ്ടിവരുന്നത് എൽഡിഎഫ് സർക്കാരിന്റെ പിടിപ്പുകേട്: സി കെ നജാഫ്

നമ്മുടെ സ്‌കൂളുകളെ ആര്‍എസ്എസ് പദ്ധതികളുടെ പരീക്ഷണശാലകളാക്കി മാറ്റുന്നതിന് സർക്കാർ 1500 കോടി അച്ചാരം പറ്റുന്നത് അംഗീകരിക്കാനാകില്ലെന്നും സികെ നജാഫ് പറഞ്ഞു

കണ്ണൂർ: പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതിനുപിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ നജാഫ്. ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ ബിജെപി തരുന്ന ഏതാനും കോടികള്‍ വാങ്ങി നാം കീഴടങ്ങേണ്ടിവരുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണ് എന്നാണ് സി കെ നജാഫ് പറയുന്നത്. വരുത്തിവെച്ച ദാരിദ്ര്യവും അവകാശപ്പെട്ടത് പിടിച്ചുവാങ്ങാനുളള കഴിവില്ലായ്മയുമാണ് ഈ ഗതികേടിലേക്ക് സംസ്ഥാനത്തെ എത്തിച്ചതെന്നും നമ്മുടെ സ്‌കൂളുകളെ ആര്‍എസ്എസ് പദ്ധതികളുടെ പരീക്ഷണശാലകളാക്കി മാറ്റുന്നതിന് സർക്കാർ 1500 കോടി അച്ചാരം പറ്റുന്നത് അംഗീകരിക്കാനാകില്ലെന്നും സികെ നജാഫ് പറഞ്ഞു. നാടിന്റെ മതേതര പാരമ്പര്യം കാത്തുസൂക്ഷിക്കാനും 'സിജെപി' സഖ്യത്തിന്റെ സംഘപരിവാര്‍ അജണ്ട പൊളിക്കാനും നാം പ്രതിജ്ഞാബദ്ധരാണെന്നും നജാഫ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സികെ നജാഫിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

സിപിഎം ആർഎസ്എസ്സിന് കീഴ്‌പ്പെടുന്നതിന്റെ രഹസ്യം

---------------------------------------------------------------

പിഎം ശ്രീ പദ്ധതിയുടെ 6 പില്ലറുകളിൽ മൂന്നെണ്ണം വളരെ പ്രധാനപ്പെട്ടതാണ്.

1- പദ്ധതിയിൽ ഉൾപ്പെടുന്ന സ്കൂളുകളുടെ കരിക്കുലം പെഡഗോഗി

പരിഷ്ക്കരിക്കപ്പെടും

2- ഈ സ്കൂളുകൾ നിയന്ത്രിക്കാൻ sqaf

മോണിറ്ററിങ് കമ്മിറ്റി നിലവിൽ വരും

3-ലിംഗ സമത്വം ഉറപ്പാക്കാൻ പദ്ധതികൾ

കൊണ്ടുവരും.

ഈ മൂന്ന് നിബന്ധനകളിൽ കേരളത്തിന് എന്തെങ്കിലും ഇളവുള്ളതായി വിദ്യാഭ്യാസമന്ത്രി പറഞ്ഞിട്ടില്ല. അതായത് സിലബസിൽ ആർഎസ്എസ് അജണ്ട കൊണ്ടുവരും -( തടയാനാകില്ല ).

മാനേജുമെന്റിൽ ആർഎസ്എസ് നോമിനികൾ വരും. ലിംഗ സമത്വത്തിന്റെ പേരിൽ ലിബറലിസം നടപ്പാക്കും.

സംഘവൽക്കരണത്തിന് തുടക്കം -:

ദേശീയ വിദ്യഭ്യാസ നയത്തിന്റെ ലാബുകളാണ് പിഎം ശ്രീ പദ്ധതിയെന്നാണ് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പ്രഖ്യാപിച്ചത്. വൺ കൺട്രി- വൺ ടെക്സ്റ്റ്, വൺ കൺട്രി - വൺ ബോർഡ് എന്നിങ്ങനെ രാജ്യത്തിന്റെ ഫെഡറലിസത്തെ തകർക്കാനും വിദ്യഭ്യാസ മേഖല പൂർണമായും തീറെഴുതി വാങ്ങാനും കേന്ദ്ര സർക്കാർ തരുന്ന ഏതാനും കോടികൾക്ക് നാം പോക്കറ്റിലിടണോ ? സഖാവ് സീതാറാം യെച്ചൂരി മരിക്കും മുമ്പ് പറഞ്ഞുവച്ച വളരെ പ്രധാനപ്പെട്ട ആശങ്കയുണ്ട്, ദേശീയ വിദ്യാഭ്യാസ നയം മൂന്ന് c -ആണെന്നാണ് യെച്ചൂരി പറഞ്ഞത്.

സെൻട് ലൈസേഷൻ, കൊമേഷ്യലൈസേഷൻ, കമ്മ്യൂണലൈസേഷൻ - ഈ ആശങ്ക സിപിഎം ദേശീയ നേതൃത്വത്തിന് ഇപ്പോഴില്ലെ ?

2021ന് ശേഷം നാല് വർഷം കൊണ്ട് ഈ ആശങ്ക ലഘൂകരിക്കുന്ന എന്തെങ്കിലും നടപടി കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായോ ?

കോടതിയും ഭരണഘടനയും തമിഴ്നാട് മാതൃകയും :-

2021 ൽ പ്രഖ്യാപിച്ച സമഗ്ര ശിക്ഷ ഫണ്ടിന്റെ വിതരണം 2022 ആരംഭിച്ച പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിന്റെ പേരിൽ തടഞ്ഞുവക്കുന്നതിനെതിരെ വിദ്യാഭ്യാസ അവകാശ നിയമം നിലനിൽക്കുന്ന രാജ്യത്തിന്റെ സുപ്രീംകോടതിയെ എന്തുകൊണ്ട് സമീപിച്ചില്ല ? തമിഴ്നാട് സർക്കാർ കോടതിയിൽ പോയി 700 കോടി വാങ്ങിയിട്ടുണ്ട്.

സ്കൂളുകൾ തൂക്കിവിൽക്കണോ ?

2022 ൽ നടപ്പാക്കിയ പദ്ധതിയുടെ അവസാന രണ്ടുവർഷം നടപ്പാക്കിയാൽ

പരമാവധി 600 കോടിയാണ് രണ്ടുവർഷം കൊണ്ട് കേരളത്തിന്റെ 336 സ്കൂളുകൾക്കായി കിട്ടുക.ഈ ചെറിയ തുകയ്ക്ക് 336 സ്കൂളുകൾ തീറെഴുതി കൊടുക്കുകയാണ്. തൂക്കി വിൽക്കുകയാണ്.

സർക്കാരിന്റെ പിടിപ്പുകേട് -

ആർഎസ്എസ്സിന്റെ അജണ്ട നടപ്പാക്കാൻ ബിജെപി തരുന്ന ഏതാനം കോടികൾ വാങ്ങി നാം കീഴടങ്ങേണ്ടി വരുന്നത് എൽഡിഎഫ് സർക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണ്. വരുത്തിവച്ച ദാരിദ്ര്യവും അവകാശപ്പെട്ടത് പിടിച്ചു വാങ്ങാനുള്ള കഴിവില്ലായമയുമാണ് ഈ ഗതികേടിലേക്ക് സംസ്ഥാനത്തെ എത്തിച്ചത്. നമ്മുടെ സ്കൂളുകള ആർഎസ്എസ് പദ്ധതികളുടെ പരീക്ഷണ ശാലകളാക്കി മാറ്റുന്നതിന് 1500 കോടി രൂപ സംസ്ഥാന സർക്കാർ അച്ചാരം പറ്റുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. നാടിന്റെ മതേതര പാരമ്പര്യം കാത്തുസൂക്ഷിക്കാനും സിജെപി സഖ്യത്തിന്റെ സംഘപരിവാർ അജണ്ട പൊളിക്കാനും നാം പ്രതിജ്ഞാബദ്ധമാണ്.

വിയോജിക്കാൻ സിപിഐയുടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചൂണ്ടിക്കാട്ടിയ എല്ലാ പ്രതിസന്ധിയും ഒരു അണുമണി തൂക്കം കുറവില്ലാതെ നമ്മൾ നേരിടേണ്ടി വരും. അങ്ങയുടെ വാചകത്തിൽ ആത്മാർത്ഥത വിശ്വസിക്കുന്ന സഖാക്കൾക്ക് തുണയായെങ്കിലും ഒരു പോരാട്ടം സിപിഐക്ക് നയിക്കാനാവട്ടെ.

Content Highlights: LDF Govt accepted crores from the BJP to implement the RSS agenda: ck najaf

To advertise here,contact us