ചേര്ത്തല: അന്നദാനത്തിന് പായസം കിട്ടാത്തിന്റെ പേരില് ക്ഷേത്രത്തിൽ ഗുണ്ടാസംഘത്തിന്റെ ആക്രമണം. കളവംകോടം ശക്തീശ്വരക്ഷേത്രത്തില് വ്യാഴാഴ്ച മൂന്നോടെയായിരുന്നു സംഭവം. ക്ഷേത്രം ഓഫീസിലും പാചകപ്പുരയിലും ഗുണ്ടകള് ആക്രമണം നടത്തി. ക്ഷേത്രം സെക്രട്ടറിയെയും ആക്രമിച്ചു.
ആക്രമണത്തില് ദേവസ്വം സെക്രട്ടറി വി വി ശാന്തകുമാറി(59)ന് സാരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ആദ്യം ചേര്ത്തല താലൂക്ക് ആശുപത്രിയിലും തുടര്ന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിറക്, നിലവിളക്ക് എന്നിവ ഉപയോഗിച്ചാണ് സെക്രട്ടറിക്ക് നേരേ ആക്രമണം നടത്തിയതെന്ന് ക്ഷേത്രഭാരവാഹികള് പറഞ്ഞു. സ്ത്രീകള്ക്കു നേരെയും ആക്രമണമുണ്ടായി.
2.30 വരെയാണ് അന്നദാനം നിശ്ചയിച്ചിരുന്നത്. എന്നാല് മൂന്ന് മണിക്കുശേഷം എത്തിയ സംഘം പായസം കിട്ടിയില്ലെന്ന പേരില് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പരാതി. ക്ഷേത്ര ഓഫീസ് ആക്രമണത്തില് ക്ഷേത്രത്തിലെ തിടമ്പിനടക്കം നാശമുണ്ടായി. നിലവിളക്കുകളും ഓഫീസ് സാമഗ്രികളും പാചകപ്പുരയിലെ സാധനങ്ങളും സംഘം തല്ലിത്തകര്ത്തു.
പ്രദേശത്ത് നിരന്തരം പ്രശ്നങ്ങള് സൃഷ്ടിക്കുന്ന യുവാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഇവര്ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന ആവശ്യപ്പെട്ട് ക്ഷേത്രസമിതിയോഗം ചേര്ത്തല പൊലീസില് പരാതി നല്കിയിട്ടുണ്ട്.
Contetn Highlights:Gang attacks temple over not providing payasam