തിരുവനന്തപുരം: മന്ത്രി വി ശിവന്കുട്ടിക്ക് എബിവിപിയുടെ അഭിനന്ദനം. പിഎം ശ്രീ പദ്ധതിയില് ഒപ്പുവെച്ചതിനാണ് മന്ത്രിയുടെ ഓഫീസില് നേരിട്ടെത്തി നേതാക്കൾ അഭിനന്ദനമറിയിച്ചത്. എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഔദ്യോഗിക വസതിയിലെത്തി മന്ത്രിയെ അനുമോദിച്ചത്.
വിദ്യാഭ്യാസ മേഖലയിലുള്ള മറ്റ് വിഷയങ്ങളില് മന്ത്രിയുടെ ഇടപെടലും എബിവിപി ആവശ്യപ്പെട്ടു.
തങ്ങളുടെ സമരവിജയമാണിതെന്ന് എബിവിപി നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. പി എം ശ്രീ നടപ്പിലാക്കാത്തതിനെതിരെ നേരത്തെ സംഘടന സമരം നടത്തിയിരുന്നു.
സിപിഐയുടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് പിഎം ശ്രീയിൽ വിദ്യാഭ്യാസ സെക്രട്ടറി പദ്ധതിയിൽ ഒപ്പുവെച്ചിരിക്കുന്നത്. ഇതോടെ പിഎം ശ്രീയുടെ ഭാഗമാകുന്ന 34ാമത്തെ ഭരണസംവിധാനമായി കേരളം മാറി. പിന്നാലെ തടഞ്ഞു വെച്ച ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്രം അറിയിച്ചു. 1500 കോടി രൂപ ആദ്യ ഗഡുവായി ഉടൻ സംസ്ഥാനത്തിന് കൈമാറും.
അതേസമയം, കൂടിയാലോചനയില്ലാതെ പിഎം ശ്രീ പദ്ധതിയില് ഒപ്പുവെച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയില് സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്. മുന്നണി മര്യാദയുടെ ലംഘനമാണ് വിദ്യാഭ്യാസ സെക്രട്ടറിയുടെ നടപടിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം റിപ്പോര്ട്ടറിനോട് പ്രതികരിച്ചിരുന്നു. തങ്ങളുടെ എതിര്പ്പിനെ മുഖവിലയ്ക്കെടുക്കാതെ വിവാദ പദ്ധതിയില് ഒപ്പുവെച്ചത് കടുത്ത അവഗണനയെന്നാണ് സിപിഐ വിലയിരുത്തല്.
പിഎം ശ്രീയിൽ ഒപ്പിടുന്നത് സംബന്ധിച്ച് മന്ത്രിസഭയിൽ ചർച്ച വന്നാൽ ശക്തമായി എതിർക്കാൻ ബിനോയ് വിശ്വം സിപിഐ മന്ത്രിമാരോട് നിർദേശിച്ചിരുന്നു. എന്നാൽ മന്ത്രിസഭയിൽ വിഷയം ഉന്നയിച്ചിട്ടും മുഖ്യമന്ത്രി ഗൗനിക്കാത്തതിൽ സിപിഐക്ക് കടുത്ത അമർഷമുണ്ടായിരുന്നു. പാർട്ടി തീരുമാന പ്രകാരം റവന്യു മന്ത്രി കെ രാജൻ മന്ത്രിസഭയിൽ വിഷയം എടുത്തിട്ടിട്ടും മുഖ്യമന്തി പിണറായി വിജയനോ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയോ പ്രതികരിച്ചിരുന്നില്ല. അതിനിടെയാണ് എതിർപ്പുകളെല്ലാം മറികടന്ന് പിഎം ശ്രീ ധാരണാ പത്രത്തിൽ സംസ്ഥാനം ഒപ്പുവെച്ചത്.
സംഭവത്തിൽ പ്രതികരിക്കാൻ ബിനോയ് വിശ്വം ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും. സിപിഐയുടെ അടുത്ത നീക്കം പാര്ട്ടി സെക്രട്ടറി വിശദീകരിക്കും. സിപിഐ സെക്രട്ടറിയേറ്റ് അടിയന്തര യോഗവും ഇന്ന് ചേരും. ഓണ്ലൈനായിട്ടാവും യോഗം ചേരുക.
Content Highlights: ABVP congratulates Minister V Sivankutty on pm shri project