തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുരാരി ബാബുവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രൂക്ഷപ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുരാരി ബാബു ഗൂഢാലോചന നടത്തിയ സംഘത്തിലെ ആളാണ്. അന്നത്തെ ദേവസ്വം മന്ത്രിയെയും പ്രതിച്ചേർക്കണമെന്നും ഗൂഢാലോചനയിൽ എല്ലാവരും പങ്കാളികളാണെന്നും അദ്ദേഹം ആരോപിച്ചു.
വി എൻ വാസവൻ രാജിവെയ്ക്കണം. ദേവസ്വം ബോർഡിനെ ചവിട്ടി പുറത്താക്കണം. ദേവസ്വത്തിന്റെ പങ്ക് നേരത്തെ പ്രതിപക്ഷം വ്യക്തമാക്കിയതാണ്. ഇപ്പോൾ അതെല്ലാം ശരിയാണെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു. ഗൂഢാലോചന നടത്തിയവരിൽ 2019-ലെ ദേവസ്വം ബോർഡ് പ്രസിഡന്റും മെമ്പർമാരും ഉണ്ട്. ഇപ്പോഴത്തെ ദേവസ്വം ബോർഡിനും മന്ത്രിക്കും സ്വർണ്ണക്കടത്തിൽ പങ്കുണ്ട്. ഈ കേസ് ശരിയായി അന്വേഷിച്ചാൽ അവരും പ്രതികളാകും.
ഊഹങ്ങളെല്ലാം ശരിയായിരുന്നു. എല്ലാം പ്രതിപക്ഷത്തിന്റെ മുകളിൽ കെട്ടിവയ്ക്കാൻ ശ്രമം നടന്നു. ആഗോള സംഗമം പൊളിക്കാനുള്ള ഗൂഢാലോചന എന്നാണ് ആദ്യം പറഞ്ഞത്. ദേവസ്വം ബോർഡിനെ പുറത്താക്കണമെന്നും ഒരു നിമിഷം പോലും അധികാരത്തിലിരിക്കാൻ അർഹതയില്ലെന്നും വിഡി സതീശൻ ആരോപിച്ചു.
പേരാമ്പ്രയിലെ സംഘർഷം പൊലീസ് ആസൂത്രിതമായി നടപ്പിലാക്കിയതാണ് എന്നതടക്കമുള്ള ഷാഫി പറമ്പിലിന്റെ വെളിപ്പെടുത്തലിലും വി ഡി സതീശൻ പ്രതികരിച്ചു. ഷാഫി പറമ്പിലിനെ അടിച്ച സി ഐ ഗുണ്ടാ മാഫിയ ബന്ധമുള്ള ആളാണ്. ഇയാളെ സർവീസിൽ തുടരാൻ അനുവദിക്കില്ല. അഴിമതി കേസും ഗുണ്ടാ മാഫിയ ബന്ധവും ഈ സി ഐക്കെതിരെ ഉണ്ട്. വഞ്ചിയൂരിലെ പാർട്ടിക്കാരനെ എങ്ങനെ പൊലീസിലേക്ക് തിരിച്ചെടുത്തുവെന്നും അദ്ദേഹം ചോദിച്ചു.
2016 മുതൽ 144 പൊലീസുകാരെ പിരിച്ചുവിട്ടുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞ കണക്ക്. വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ അങ്ങനെയൊരു കണക്ക് പൊലീസ് ആസ്ഥാനത്തില്ല. ആകെ 14 പേരെ ഉള്ളു എന്നാണ് കണക്ക്. സർവീസിൽനിന്ന് പിരിച്ചുവിടപ്പെട്ടുവെന്ന് പറഞ്ഞ ഉദ്യോഗസ്ഥനെ തിരിച്ചെടുത്ത് കോൺഗ്രസുകാർക്കെതിരെ തിരിയിപ്പിക്കുകയാണ്. കോൺഗ്രസ് എംപിയുടെ തലയ്ക്ക് അടിപ്പിക്കുന്നു. ഷാഫിക്കെതിരെ നടന്ന ആക്രമണത്തിലും ഗൂഢാലോചനയുണ്ട്. നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി ഇതിനു കൂടി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാധാനപരമായ സമരം പോലും ഭരണകൂടം ഭയക്കുകയാണെന്ന് ആശാസമരവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പറഞ്ഞു.
സ്ത്രീകളോട് യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണ് സർക്കാർ. പലതവണ നേരിട്ട് മുഖ്യമന്ത്രിയോട് ഇക്കാര്യം സംസാരിച്ചു. സ്ത്രീകളെ പേടിച്ച് ഭരിക്കുന്ന സർക്കാരാണിത്. സർക്കാരിന് അധികാരത്തിന്റെ അഹങ്കാരമാണ്. ഇത് ജനങ്ങൾ തന്ന അധികാരമാണ്, അത് മറക്കരുത്. പാവങ്ങളുടെ മൈക്കെടുത്തുകൊണ്ട് പൊലീസുകാരൻ ഓടുന്നത് കണ്ടു. ഈ വർഷത്തെ ഏറ്റവും വലിയ തമാശയായിരുന്നു അത്. സർക്കാരിന്റെ ഒന്നാം നമ്പർ ശത്രു സ്ത്രീകളാണ്, ആശമാരാണ്. കോൺഗ്രസ്സിന്റെ ആദ്യത്തെ ക്യാബിനറ്റിൽ ആശമാരുടെ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി പുനഃസംഘടനയിലെ അതൃപ്തി സംബന്ധിച്ച കാര്യങ്ങളിൽ പ്രതികരിക്കാനില്ലെന്ന് പറഞ്ഞ സതീശൻ സംഘടനാപരമായ കാര്യങ്ങൾ ഇനി പറയില്ലെന്നും കൂട്ടിച്ചേർത്തു.
Content Highlights: v d satheesan against kerala govt on sabarimala gold scam case