തിരുവനന്തപുരം: ക്ലിഫ് ഹൗസിലേക്ക് ആശാ പ്രവർത്തകർ നടത്തിയ മാർച്ചിലെ സംഘർഷത്തിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷന് സണ്ണി ജോസഫ്. ആദ്യമായല്ല പൊലീസിന്റെ അതിക്രമമെന്ന് സണ്ണി ജോസഫ് പറഞ്ഞു. ആശമാരുടെ ടെന്റ് മഴയത്ത് പൊളിച്ചു കളഞ്ഞെന്നും ജീവിക്കാനുള്ള ചെറിയ ആനുകൂല്യത്തെയാണ് അവഗണിച്ചതെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.
'ജനങ്ങളുടെ മനസില് ആശമാരുടെ ന്യായമായ ആവശ്യത്തിന് അംഗീകാരം കിട്ടിക്കഴിഞ്ഞു. സര്ക്കാര് സംസ്ഥാനത്തെ കട്ടുമുടിക്കുകയാണ്. പൊലീസിനെ ഉപയോഗിച്ച് സമരത്തെ അട്ടിമറിക്കുന്നു. ഈ സമരം വിജയം കണ്ടേ അവസാനിക്കു', സണ്ണി ജോസഫ് പറഞ്ഞു. ആശമാരുടെ മൈക്ക് മോഷണം പോയതില് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെപിസിസി മൈക്ക് വാങ്ങി നല്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
കഴിഞ്ഞ ദിവസം ക്ലിഫ് ഹൗസിന് മുന്നില് നടന്ന ആശ സമരത്തില് പൊലീസ് ആശ പ്രവര്ത്തകരെ മര്ദിച്ചെന്ന പരാതി ഉന്നയിച്ചിരുന്നു. ക്രൂരമായി ആക്രമിച്ചതിന് ശേഷമാണ് പൊലീസ് തങ്ങളെ വാഹനത്തില് കയറ്റിയതെന്ന് ആശ പ്രവര്ത്തകര് ആരോപിച്ചു. സമര നേതാവ് എസ് മിനിയുടെ വസ്ത്രങ്ങള് വലിച്ചു കീറിയെന്നും വയറ്റില് ലാത്തി കൊണ്ട് കുത്തിയെന്നും ആശ പ്രവര്ത്തക പറഞ്ഞിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെ കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു കഴിഞ്ഞ ദിവസത്തെ സമരം നടന്നത്. ആശ പ്രവര്ത്തകരുടെ ജനറേറ്റര്, സൗണ്ട് ബോക്സ്, മൈക്ക് ഉള്പ്പെടെ പിടിച്ചെടുത്തിരുന്നു. ഉന്തും തള്ളിനുമിടയില് കന്റോണ്മെന്റ് ഇന്സ്പെക്ടര് പ്രജീഷ് ശശിക്കും വനിതാ സെല്ലിലെ എഎസ്ഐ ഷംലക്കും പരിക്കേറ്റിട്ടുണ്ട്.
ഓണറേറിയം വര്ധിപ്പിക്കുക, വിരമിക്കല് ആനുകൂല്യം നല്കുക, പെന്ഷന് നല്കുക എന്നീ ആവശ്യങ്ങള് ഉന്നയിച്ച് ആശമാര് നടത്തുന്ന സമരം എട്ട് മാസമായിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഇന്നലെ ക്ലിഫ് ഹൗസിന് മുന്നില് ആശമാര് മാര്ച്ച് നടത്തിയത്. പിഎംജി ജംഗ്ഷനില് നിന്ന് ക്ലിഫ് ഹൗസ് വരെയായിരുന്നു പ്രതിഷേധം.
Content Highlights: Sunny Joseph against police attack during Asha protest