കോഴിക്കോട്: പേരാമ്പ്രയിലെ സംഘർഷത്തിൽ മൂക്കിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന വടകര എംപി ഷാഫി പറമ്പിൽ 12 ദിവസങ്ങൾക്കുശേഷം ആദ്യമായി പൊതുവേദിയിലെത്തി. കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നേതൃക്യാമ്പിലാണ് ഷാഫി എത്തിയത്.
നേതൃക്യാമ്പിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് ഷാഫി സംസാരിച്ചു. രാവിലെ നടന്ന ഉദ്ഘാടനപരിപാടിയിലാണ് ഷാഫി എത്തിയത്. ഈ മാസം 10നാണ് പേരാമ്പ്രയിലെ സംഘർഷത്തിൽ ഷാഫിക്ക് പരിക്കേറ്റത്. പൊലീസ് മർദനത്തിൽ ഷാഫിയുടെ മൂക്കിന്റെ ഇടത് വലത് അസ്ഥികൾക്ക് പൊട്ടലുണ്ടായിരുന്നു. പിന്നാലെ ഷാഫിയ്ക്ക് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ച് ശസ്ത്രക്രിയ നടത്തി. മൂന്ന് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ഒരാഴ്ചയിലധികമായി വിശ്രമത്തിലായിരുന്നു അദ്ദേഹം.
നേതൃക്യാമ്പിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപൽ എംപി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ പങ്കെടുത്തു. വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ആരും സ്വയം സ്ഥാനാർഥികളായി മുന്നോട്ടുവരരുതെന്നും ആരെയും സ്ഥാനാർഥിയാക്കുമെന്ന് വാക്ക് നൽകരുതെന്നും കെ സി വേണുഗോപാൽ ക്യാമ്പിൽ പറഞ്ഞു. യുഡിഎഫിന്റെ വിജയത്തെ തടയാൻ കോൺഗ്രസ് പാർട്ടിയിലെ അനൈക്യം മാത്രമേ കാരണമായുള്ളൂ. ഈ വസ്തുതയെ മനസ്സിലാക്കി വർധിതമായ ഐക്യത്തോടെ മുന്നോട്ടുപോകാൻ കോൺഗ്രസ് പ്രവർത്തകർ തയ്യാറാകണം. കോൺഗ്രസിൽ പ്രശ്നങ്ങൾ വരുത്തിതീർക്കാൻ ഒരു വിഭാഗം മാധ്യമങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ തിരിച്ചറിയണം. നേതാക്കന്മാർ ചാനലുകളെ കാണുമ്പോൾ ജാഗ്രത പാലിക്കണം. പാവപ്പെട്ട പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന ഒരു വാക്കുപോലും ആരും പറയരുതെന്നും കെ സി പറയുകയുണണ്ടായി.
ഐക്യത്തോടെയുള്ള പ്രവർത്തനവും കുറ്റമറ്റരീതിയിലുള്ള സ്ഥാനാർഥിനിർണയവും ഉറപ്പുവരുത്തണമെന്ന് ക്യാമ്പിൽ മുഖ്യപ്രഭാഷണം നടത്തിയ സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. സ്ഥാനാർഥികളെ പ്രാദേശികതലത്തിൽ സമവായത്തിലൂടെ കണ്ടെത്തണം. അന്യായമായ ഒരു ഇടപെടലും ഒരു നേതാവിന്റെ ഭാഗത്തുനിന്നും ഉണ്ടാകരുത്. നേതാക്കൾ പക്ഷംപിടിക്കരുത്. മധ്യസ്ഥ നിലപാട് സ്വീകരിക്കണമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
തെരഞ്ഞെടുപ്പിനെ നേരിടാനുള്ള മാർഗരേഖ ക്യാമ്പിൽ ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ അവതരിപ്പിച്ചു. ജില്ലയിലെ കെപിസിസി മെമ്പർമാർ, ഡിസിസി ഭാരവാഹികൾ, ഡിസിസി എക്സിക്യുട്ടീവ് അംഗങ്ങൾ, ബ്ലോക്ക്-മണ്ഡലം പ്രസിഡന്റുമാർ എന്നിവരുൾപ്പെടെ 319 പേരാണ് ക്യാമ്പിൽ പ്രതിനിധികളായെത്തിയത്.
Content Highlights: Vadakara MP Shafi Parambil who was resting due to an injury, made his first public appearance after 12 days