രാഷ്ട്രപതിയുടെ കേരള സന്ദർശനം; സുരക്ഷാ വീഴ്ച്ചയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കില്ല

എച്ച് മാര്‍ക്കിനപ്പുറം ഹെലികോപ്ടര്‍ ഇറങ്ങിയതിനാലാണ് ടയര്‍ താഴ്ന്ന് പോയതെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്

തിരുവനന്തപുരം: രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനത്തിലുണ്ടായ സുരക്ഷാ വീഴ്ച്ചയില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയുണ്ടായേക്കില്ല. ഹെലികോപ്ടറിന്റെ ടയര്‍ താഴ്ന്നതില്‍ വീഴ്ച്ച ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. കേന്ദ്രം ഇനി വിശദീകരണം ചോദിക്കാന്‍ സാധ്യതയില്ലെന്നാണ് സര്‍ക്കാരിന്റെ നിഗമനം. വിശദീകരണം തേടുമായിരുന്നെങ്കില്‍ ഇതിനോടകം ചോദിക്കുമായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. എച്ച് മാര്‍ക്കിനപ്പുറം ഹെലികോപ്ടര്‍ ഇറങ്ങിയതിനാലാണ് ടയര്‍ താഴ്ന്ന് പോയതെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. മുന്‍കൂട്ടി നിശ്ചയിച്ചതില്‍ നിന്നും അഞ്ച് അടി മാറിയാണ് ഹെലികോപ്ടര്‍ ലാന്റ് ചെയ്തത്.

രാഷ്ട്രപതിയുടെ മടക്ക യാത്രയ്ക്കിടെ പത്തനംതിട്ട കോന്നി പ്രമാടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഒരുക്കിയ ഹെലിപാഡിലാണ് ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നത്. പൊലീസും ഫയര്‍ഫോഴ്‌സുമെത്തി ഹെലികോപ്റ്റര്‍ തളളി നീക്കിയിരുന്നു. നിലയ്ക്കലെ ലാന്‍ഡിംഗ് മാറ്റിയതോടെയാണ് പ്രമാടത്ത് കോണ്‍ക്രീറ്റ് ഇട്ടത്. കോണ്‍ക്രീറ്റ് ഉറയ്ക്കുന്നതിന് മുന്‍പേ തന്നെ ഹെലികോപ്റ്റര്‍ വന്നിറങ്ങിയതാണ് തറ താഴാന്‍ കാരണമായതെന്ന് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നത്.

Content Highlight; President's visit to Kerala; No action will be taken against officials for security lapses

To advertise here,contact us