നിയമന കോഴ കേസ്; വിജിലൻസ് പ്രതി ചേർത്തത് രാഷ്ട്രീയ പ്രേരിതമെന്ന് ഐ സി ബാലകൃഷ്ണൻ

നിയമപരമായി മുന്നോട്ടുപോകുമെന്നും ഒരടിപോലും പുറകോട്ടില്ലെന്നും ഐ സി ബാലകൃഷ്ണൻ

വയനാട്: കോൺഗ്രസ് ഭരിക്കുന്ന സഹകരണബാങ്കുകളിൽ നിയമനത്തിന് കോഴ വാങ്ങിയെന്ന കേസിൽ വിജിലൻസ് പ്രതി ചേർത്തത് രാഷ്ട്രീയ പ്രേരിതമെന്ന് ഐ സി ബാലകൃഷ്ണൻ എംഎൽഎ. വിഷയത്തിൽ നിയമപരമായി മുന്നോട്ടുപോകുമെന്നും ഒരടിപോലും പുറകോട്ടില്ലെന്നും ഐ സി ബാലകൃഷ്ണൻ വ്യക്തമാക്കി.

സഹകരണ ബാങ്കുകളെ ഉപയോഗിച്ച് ഐ സി ബാലകൃഷ്ണൻ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ഇതിൽ വയനാട് ജില്ലാ വിജിലൻസ് ഡിവൈഎസ്പി ഷാജി വർഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംസ്ഥാന വിജിലൻസിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വിജിലൻസ് ഡയറക്ടറുടെ അനുമതിയെ തുടർന്ന് എടുത്ത കേസിൽ ഐ സി ബാലകൃഷ്ണൻ മാത്രമായിരുന്നു ഏക പ്രതി.

എൻ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിയമനത്തിനായി കോഴ വാങ്ങിയതിൽ എംഎൽഎയ്ക്ക് പങ്കുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. എൻ എം വിജയന്റെയും മകന്റെയും മരണത്തിൽ ഐ സി ബാലകൃഷ്ണൻ, വയനാട് മുൻ ഡിസിസി അധ്യക്ഷൻ എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിരുന്നു. ഐ സി ബാലകൃഷ്ണൻ ഉൾപ്പടെയുള്ളവർ കോഴവാങ്ങി, താൻ അതിന്റെ ഇരയായി എന്ന് എൻ എം വിജയൻ ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരുന്നു. നിയമനത്തിനായി ഏഴ് ലക്ഷം രൂപ ഐ സി ബാലകൃഷ്ണൻ കോഴ വാങ്ങിയെന്നും കുറിപ്പിലുണ്ടായിരുന്നു.

Content Highlights: I C Balakrishnan reacts on vigilance case

To advertise here,contact us