കോണ്‍ഗ്രസ് ടിക്കറ്റിൽ ജയിച്ച് കൂറുമാറി; കാരോട് പ്രസിഡന്റ് അടക്കം അഞ്ച് പേർ അയോഗ്യർ, പണിയായത് ബിജെപി നീക്കം

ആറ് വര്‍ഷത്തേക്ക് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.

തിരുവനന്തപുരം: തിരുവനന്തപുരം കാരോട് ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് അടക്കം അഞ്ച് അംഗങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ശേഷം കൂറുമാറി എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് ഭരണസമിതിയെ അട്ടിമറിച്ചതിലാണ് നടപടി. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് അയോഗ്യത. ആറ് വര്‍ഷത്തേക്ക് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.

പ്രസിഡന്റ് സി എ ജോസ്, വൈസ് പ്രസിഡന്റ് സൂസിമോള്‍, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ എഡ്വിന്‍ സാം, ഏഞ്ചല്‍ കുമാരി, ജാസ്മിന്‍ പ്രഭ എന്നിവര്‍ക്കെതിരെയാണ് നടപടി. കോണ്‍ഗ്രസ് സീറ്റില്‍ മത്സരിച്ച് വിജയിച്ച ഇവര്‍ കോണ്‍ഗ്രസിന്റെ ഭരണസമിതിയെ അട്ടിമറിച്ചുകൊണ്ട് ഇടതുപക്ഷവുമായി ചേര്‍ന്ന് ഭരണം പിടിച്ചെടുക്കുകയായിരുന്നു. 2023 ലാണ് സംഭവം. ബിജെപി അംഗമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

ഇടതുപക്ഷത്തെ ആറ് അംഗങ്ങളുടെ പിന്തുണയോടെയാണ് സി എല്‍ ജോസ് കാരോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 20 അംഗങ്ങളുള്ള കാരോട് പഞ്ചായത്തില്‍ കോണ്‍ഗ്രസ് 11 അംഗങ്ങളുണ്ടായിരുന്നു. ഗ്രൂപ്പ് തര്‍ക്കം പരിഹരിക്കാന്‍ പ്രസിഡന്റ് സ്ഥാനം രണ്ടര വര്‍ഷം വീതം പങ്കിടാനായിരുന്നു തീരുമാനം. എന്നാല്‍ ധാരണപ്രകാരം രാജിവെക്കാന്‍ രാജേന്ദ്രന്‍ നായര്‍ വിസമ്മതിച്ചതോടെ രണ്ടാമൂഴത്തില്‍ പ്രസിഡന്റ് ആകേണ്ട സി എല്‍ ജോസും നാല് അംഗങ്ങളും വിമതഭീഷണി ഉയര്‍ത്തുകയായിരുന്നു. ഇതോടെ ഭരണം നഷ്ടപ്പെട്ടു. പഞ്ചായത്തിലെ ബിജെപി അംഗമായ കാന്തള്ളൂര്‍ സജിയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

Content Highlights: Five people including the Panchayat President disqualified in Karode Panchayat

To advertise here,contact us