എന്‍ എം വിജയന്‍ ജീവനൊടുക്കിയ സംഭവം; കുറ്റപത്രം സമര്‍പ്പിച്ചു

മുന്‍ കോണ്‍ഗ്രസ് നേതാവ് കെ കെ ഗോപിനാഥന്‍, പി വി ബാലചന്ദ്രന്‍ എന്നിവര്‍ മൂന്നും നാലും പ്രതികളാണ്

സുല്‍ത്താന്‍ ബത്തേരി: മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ആത്മഹത്യാ പ്രേരണാ കേസില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയാണ് ഒന്നാംപ്രതി. മുന്‍ ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ രണ്ടാംപ്രതിയാണ്. മുന്‍ കോണ്‍ഗ്രസ് നേതാവ് കെ കെ ഗോപിനാഥന്‍, പി വി ബാലചന്ദ്രന്‍ എന്നിവര്‍ മൂന്നും നാലും പ്രതികളാണ്. കേസില്‍ നേരത്തെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം സമ്മര്‍പ്പിച്ചത്.

എന്‍ എം വിജയന്റെ മരണത്തില്‍ പൊലീസ് ആത്മഹത്യാ പ്രേരണകുറ്റത്തിന് കെസെടുത്തതിന് പിന്നാലെ കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് വ്യക്തമായിരുന്നു. സഹകരണ ബാങ്കിലെ നിയമനക്കോഴ ഇടപാടുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പൊലീസിനു ലഭിച്ചതോടെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതോടെ ആത്മഹത്യാ കുറിപ്പില്‍ പേര് പരാമര്‍ശിച്ച ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി അധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്‍, ഡിസിസി പ്രസിഡന്റ് കെ കെ ഗോപിനാഥന്‍ തുടങ്ങിയവര്‍ക്ക് കുരുക്ക് മുറുകുകയായിരുന്നു.

ഡിസംബര്‍ 25-നാണ് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയനെയും മകന്‍ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 27-ന് ഇരുവരും മരിച്ചു. ഇതിന് ശേഷം പുറത്തുവന്ന എന്‍ എം വിജയന്റെ ആത്മഹത്യാ കുറിപ്പും അനുബന്ധ തെളിവുകളുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കുരുക്കായത്. ഐ സി ബാലകൃഷ്ണന്‍, എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍, പി വി ബാലചന്ദ്രന്‍ എന്നിവരുടെ പേരുകളടക്കം വിജയന്‍ കത്തില്‍ പരാമര്‍ശിച്ചിരുന്നു. മരണക്കുറിപ്പ് എന്ന നിലയിലാണ് കത്ത് എഴുതിയിരുന്നത്.

പിന്നാലെ എൻ ഡി അപ്പച്ചനെതിരെ എൻ എം വിജയന്റെ മരുമകൾ നിരന്തരമായി ആരോപണം ഉന്നയിച്ച് രംഗത്തെത്തി. എൻ ഡി അപ്പച്ചൻ എൻഎം വിജയനെ ചതിക്കുകയാണ് ചെയ്തതെന്ന് പത്മജ പറഞ്ഞിരുന്നു. എൻഡി അപ്പച്ചന് നാണമില്ലെന്നും പൊലീസ് അപ്പച്ചനെ പ്രതിയാക്കിയത് വെറുതെയല്ലെന്നും അവർ പറഞ്ഞിരുന്നു. സംഘടനയ്ക്ക് അകത്തു നിന്ന് നിന്ന് തന്നെ വിവിധ ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ എൻഡി അപ്പച്ചൻ വയനാട് ഡിസിസി അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു.

Content Highlights: Chargesheet filed in death of former DCC treasurer N M Vijayan

To advertise here,contact us