കൊച്ചി: റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരായ ലൈംഗികാതിക്രമക്കേസിൽ പരാതിക്കാരിക്ക് നൽകിയ നോട്ടീസ് പൊലീസ് പിൻവലിച്ചു. പരാതിക്കാരി ഹാജരാകേണ്ടെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. തന്നെ കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങൾ നോട്ടീസിലുണ്ടെന്നും ഈ വിവരം പുറത്തുവിടരുതെന്ന് പൊലീസിന് കർശന നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൊഴിയെടുക്കാനുള്ള പൊലീസ് നോട്ടീസ് പിൻവലിച്ചത്.
എറണാകുളം സെൻട്രൽ പൊലീസാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.
വേടന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനംമൂലം തന്റെ വിശദാംശങ്ങളും ആരോപണങ്ങളും ഉൾപ്പടെ പരസ്യമാക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ചാണ് യുവതി കോടതിയെ സമീപിച്ചത്. നോട്ടീസ് പിൻവലിച്ചെന്ന് പൊലീസ് വ്യക്തമാക്കിയതോടെ ഹൈക്കോടതി പരാതിക്കാരിയുടെ ഹർജി തീർപ്പാക്കി.
പരാതിക്കാരിയുടെ മൊഴിയില്ലാതെ അന്വേഷണം തുടരാൻ സാധിക്കില്ലെന്ന നിലപാടിലാണ് സെൻട്രൽ പൊലീസ്. വേടനെ കഴിഞ്ഞ മാസം ചോദ്യം ചെയ്തിരുന്നെങ്കിലും പരാതിക്കാരിയുടെ മൊഴി ഇല്ലാത്ത സാഹചര്യത്തിൽ തുടർനടപടികളിലേക്ക് കടക്കാതെ വിട്ടയക്കുകയായിരുന്നു. കേസിൽ വേടന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
2020 ഡിസംബറിൽ ദളിത് സംഗീതത്തെ കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ട് വേടന്റെ താമസ സ്ഥലത്തെത്തിയ ഗവേഷക വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. യുവതി മുഖ്യമന്ത്രിക്ക് മെയിൽ മുഖേന നൽകിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ പരാതി അടങ്ങിയ ഇ മെയിലിൽ മൊബൈൽ ഫോൺ നമ്പറോ മേൽവിലാസമോ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ കേസിന്റെ തുടക്കത്തിൽ പരാതിക്കാരിയുമായി പൊലീസിന് ബന്ധപ്പെടാനായിരുന്നില്ല. പിന്നീട് വിവരങ്ങൾ ശേഖരിച്ച് പരാതിക്കാരിയോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും മറുപടിയുണ്ടായില്ല. ഇതിനിടെയാണ് ഹാജരാകാൻ ആവശ്യപ്പെട്ടുള്ള നോട്ടീസിനെതിരെ പരാതിക്കാരി കോടതിയിൽ ഹർജി നൽകിയത്.
ഇതിനിടെ എറണാകുളം സെഷന്സ് കോടതിയുടെ ജാമ്യ വ്യവസ്ഥകള് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വേടൻ കോടതിയെ സമീപിച്ചു. കേരളത്തിന് പുറത്ത് പോകാന് വേടന് സെഷന്സ് കോടതി അനുമതി നല്കിയിരുന്നില്ല ഇതിനെതിരെയാണ് ഹർജി. ഫ്രാന്സ്, ജര്മ്മനി ഉള്പ്പടെയുള്ള അഞ്ച് രാജ്യങ്ങളിലേക്ക് പോകാൻ അനുമതി വേണമെന്ന ആവശ്യമാണ് വേടൻ ഉന്നയിക്കുന്നത്.
വേടനെതിരായ ആരോപണങ്ങളിൽ ഗൂഢാലോചനയില്ലെന്ന് പൊലീസ് കണ്ടെത്തി. വേടനെതിരായ ആരോപണങ്ങളിൽ ഗൂഢാലോചനയുണ്ട്, സ്ഥിരമായി അദ്ദേഹത്തെ കുറ്റവാളിയാക്കാൻ ശ്രമിക്കുന്നു, വിഷയം അന്വേഷിക്കണം എന്നീ ആവശ്യങ്ങളുമായി കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. എന്നാൽ ഗൂഢാലോചന സംബന്ധിച്ച് തെളിവുകൾ ഇല്ലെന്ന് തൃക്കാക്കര എസ്പിയുടെ അന്വേഷണത്തിൽ കണ്ടെത്തി.
Content Highlights: case against vedan; Police withdraw notice issued to complainant