കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്ശത്തില് എന് കെ പ്രേമചന്ദ്രന് എംപിക്കെതിരെ പരാതി നല്കി ബിന്ദു അമ്മിണി. കൊയിലാണ്ടി പൊലീസിലാണ് ബിന്ദു അമ്മിണി പരാതി നല്കിയത്. എന് കെ പ്രേമചന്ദ്രന്റേത് തെറ്റായതും അധിക്ഷേപകരവുമായ പ്രസ്താവനയാണെന്ന് പരാതിയില് പറയുന്നു.
തന്റെ അന്തസ്സിനും പ്രശസ്തിക്കും കളങ്കം വരുത്തുന്നതാണ് പ്രസ്താവന. പാലയിലെ ഗസ്റ്റ് ഹൗസിലോ കോട്ടയം പൊലീസ് ക്ലബിലോ പോയിട്ടില്ലെന്നും തന്റെ പേരിനൊപ്പം രഹന ഫാത്തിമയുടെ പേര് ചേര്ത്തു പറഞ്ഞത് ഒരു മുസ്ലിം വനിതയുടെ പേര് തന്റെ പേരിനൊപ്പം ചേര്ക്കണമെന്ന ദുരുദ്ദേശത്തോടെയാണെന്നും പരാതിയില് ചൂണ്ടിക്കാട്ടി. എംപിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ വലിയ രീതിയിലുള്ള അധിക്ഷേപവും സൈബര് ആക്രമണവുമാണ് നേരിടുന്നതെന്നും പരാതിയില് പറയുന്നു.
മതസൗഹാര്ദം തകര്ക്കുക കൂടി ലക്ഷ്യമിട്ടാണ് അദ്ദേഹത്തിന്റെ പരാമര്ശം. ഷെഡ്യൂള്ഡ് കാസ്റ്റില്പ്പെട്ട ഒരാളെ കരുതിക്കൂട്ടി അപമാനിക്കുക എന്നൊരു ഉദ്ദേശവും അദ്ദേഹത്തിന്റെ വാക്കുകള്ക്കുണ്ടെന്നും ഒരു പാര്ലമെന്റ് അംഗത്തില് നിന്നുള്ള പരാമര്ശത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ബിന്ദു അമ്മിണി കൊയിലാണ്ടി പൊലീസില് പരാതി നല്കിയത്.
പൊറോട്ടയും ബീഫും നല്കി രഹന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയില് എത്തിച്ച പിണറായി സര്ക്കാര് വിശ്വാസത്തെ വികലമാക്കി എന്നും അതേ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പും ആള്ക്കാരുമാണ് പമ്പയില് ആഗോള അയ്യപ്പ സംഗമം നടത്തിയത് എന്നുമായിരുന്നു എന് കെ പ്രേമചന്ദ്രന്റെ പ്രസ്താവന.
Content Highlights: Bindu Ammini files complaint against MP NK Premachandran