പിഎം ശ്രീ:കോൺഗ്രസിലും ഭിന്നത; കേന്ദ്ര ഫണ്ട് വെറുതേ കളയേണ്ടെന്ന് സതീശൻ;പദ്ധതി CPIM-BJP ഡീലിന്റെ ഭാഗമെന്ന് കെസി

വിഷയത്തില്‍ എതിര്‍ അഭിപ്രായങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രംഗത്തെത്തി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിലും ഭിന്നത. വിഷയത്തില്‍ എതിര്‍ അഭിപ്രായങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രംഗത്തെത്തി. പിഎം ശ്രീയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് കേന്ദ്ര ഫണ്ടല്ലേ വെറുതേ കണ്ടയേണ്ടല്ലോ എന്നായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്.

'കേന്ദ്ര സര്‍ക്കാരിന്റെ പേര് ആരോഗ്യ കേന്ദ്രങ്ങളുടെ ബോര്‍ഡിലെഴുതാന്‍ വേറെ ആളെ നോക്കിയാല്‍ മതിയെന്ന് പറഞ്ഞവരാണ് രണ്ട് കൊല്ലത്തിന് ശേഷം അതേ പേര് എഴുതിയത്. രണ്ട് കൊല്ലത്തെ കാശ് പോയി എന്നതാണ് അതിലുണ്ടായ നഷ്ടം. പിഎം ശ്രീയില്‍ ഒരുപാട് നിബന്ധനകളുണ്ട്. ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയം അടിച്ചേല്‍പിക്കാനുള്ള അജണ്ടയാണ്. എന്നാല്‍ സര്‍ക്കാന്‍ മുന്നോട്ടിറങ്ങി അത്തരം നിബന്ധനകളെ ഒഴിവാക്കി കേന്ദ്രത്തില്‍നിന്ന് പണം വാങ്ങുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. കേന്ദ്രത്തിന്റെ പണം മോദിയുടെ വീട്ടിലെ പണമല്ല, നമ്മുടെ നികുതി പണമാണ്. പക്ഷെ പണം തരുന്നതിനൊപ്പം ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കുന്ന നിബന്ധനകള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കരുത്', വി ഡി സതീശന്‍ പറഞ്ഞു.

ബിജെപി-സിപിഐഎം ഡീലിന്‍ഫെ ഭാഗമായാണ് പദ്ധതി എന്നായിരുന്നു കെ സി വേണുഗോപാല്‍ പറഞ്ഞത്. 'പിഎം ശ്രീ ഒറ്റയ്ക്കല്ല. കേരളത്തില്‍ കഴിഞ്ഞ കുറച്ചുനാളുകളായി സിപിഐഎം-ബിജെപി ഡീലാണ്. അതില്‍ ഒന്നാണ് പിഎം ശ്രീ പദ്ധതി എന്ന് കരുതിയാല്‍ മതി. മുഖ്യമന്ത്രിയുടെ മകന് നോട്ടീസ് വന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മറച്ചുവെച്ചതും സിപിഐഎം മറച്ചുവെച്ചതും നമുക്ക് മനസിലാക്കാന്‍ പറ്റും. ലാവ്‌ലിന്‍ കേസ് നാല്‍പത് തവണ മാറ്റിവെയ്ക്കുന്നത് നമുക്ക് മനസിലാക്കാന്‍ പറ്റും. ഇങ്ങനെ എടുത്ത് നോക്കിയാല്‍ ഒരു പരമ്പര തന്നെയുണ്ട്. അതില്‍പ്പെട്ട ഒന്നാണ് പിഎം ശ്രീ പദ്ധതി', കെ സി വേണുഗോപാല്‍ പറഞ്ഞു.

പിഎം ശ്രീയില്‍ വിവാദം പുകയുകയാണ്. പിഎം ശ്രീക്കെതിരെ സിപിഐ ആണ് ആദ്യം രംഗത്തെത്തിയത്. പിഎം ശ്രീ പദ്ധതിയുടെ കാതല്‍ എന്‍ഇപിയാണെന്നും അതിന്റെ അടിസ്ഥാനം ആര്‍എസ്എസിന്റെയും ബിജെപിയുടെയും വിദ്യാഭ്യാസ തത്വങ്ങളും കാഴ്ചപ്പാടുകളുമാണെന്നും വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ആദ്യം രംഗത്തെത്തിയത്. കേരളം എല്ലാ രംഗത്തും ഒരുബദല്‍ രാഷ്ട്രീയത്തിന്റെ സംസ്ഥാനമായാണ് കാണുന്നത്. ഡാര്‍വിന്റെ പരിണാമസിദ്ധാന്തംപോലും പഠിപ്പിക്കേണ്ടെന്ന് പറഞ്ഞ് സിലബസ് മാറ്റുന്ന ബിജെപി, ചരിത്രം വളച്ചൊടിക്കുന്ന ശാസ്ത്രത്തെ ഭയപ്പെടുന്ന അന്തവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരാണെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. പിഎം ശ്രീക്കെതിരെ സിപിഐ മുഖപത്രമായ ജനയുഗത്തില്‍ ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു. ആര്‍എസ്എസിന്റെ തിട്ടൂരത്തിന് ഇടതുപക്ഷ സര്‍ക്കാര്‍ വഴങ്ങരുതെന്നായിരുന്നു ലേഖനത്തില്‍ പറഞ്ഞത്. രാഷ്ട്രീയ നിലപാടും നയവും ബലികഴിച്ച് പദ്ധതിയില്‍ ഒപ്പുവെയ്ക്കരുതെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു.

പിഎം ശ്രീക്കെതിരെ സമസ്തയും രംഗത്തെത്തിയിരുന്നു. തിടുക്കത്തില്‍ നടപ്പാക്കാനുള്ള നീക്കം ആപല്‍ക്കരമാണെന്നായിരുന്നു സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയത്. 'അത്ര ശ്രീയല്ല പിഎം ശ്രീ' എന്ന തലക്കെട്ടോടെയായിരുന്നു ലേഖനം. പദ്ധതി മതേതരത്വത്തിന് ഭീഷണിയാണ്. വിദ്യാഭ്യാസം കാവിവല്‍ക്കരിക്കപ്പെടുമെന്നും തമിഴ്‌നാട് മോഡല്‍ ബദല്‍ വിദ്യഭ്യാസ നയം രൂപീകരിക്കണമെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു. സിപിഐയുടെ എതിര്‍പ്പ് പോലും വകവെയ്ക്കാതെ പദ്ധതി തിടുക്കത്തില്‍ നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിനും മതേതരത്വത്തിനും ഭീഷണിയാണെന്ന് ലേഖനത്തില്‍ പറഞ്ഞു. പദ്ധതിയെ സിപിഐയുടെ പോഷകസംഘടനകള്‍ എതിര്‍ത്തപ്പോള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന നിലപാടാണ് ഡിവൈഎഫ്‌ഐ സ്വീകരിച്ചത്. മുന്‍പും പദ്ധതി നടപ്പിലാക്കാന്‍ നീക്കം നടന്നിരുന്നു. അന്ന് സിപിഐ മന്ത്രിമാര്‍ ഇടപെട്ട് വിഷയം ചര്‍ച്ചയ്ക്ക് മാറ്റിവെയ്ക്കുകയായിരുന്നുവെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു.

Content Highlights- V D Satheesan and K C Venugopal over PM Shri project

To advertise here,contact us