കൊച്ചി: കോതമംഗലത്ത് വയോധികയുടെ മാല പൊട്ടിച്ചോടിയ പ്രതി പിടിയിൽ. ബംഗാൾ സ്വദേശി ഹസ്മത്താണ് പിടിയിലായത്. കോതമംഗലം പൊലീസാണ് പിടികൂടിയത്. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ബംഗാളിലെ സ്ഥിര മോഷ്ടാവായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മൂന്നുവർഷം മുമ്പാണ് ഹസ്മത്ത് കേരളത്തിൽ എത്തിയത്. ഇയാൾ എറണാകുളത്ത് നടത്തിയ മറ്റ് മോഷണങ്ങളിലും പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെയാണ് കോതമംഗലത്ത് വയോധികയുടെ മാല പ്രതി പൊട്ടിച്ചോടിയത്. 82 വയസ്സുള്ള ഏലിയാമ്മയുടെ മാലയാണ് യുവാവ് വീട്ടുമുറ്റത്തുവെച്ച് മോഷ്ടിച്ചത്. പറമ്പിൽ പാമ്പുണ്ടെന്ന് പറഞ്ഞാണ് മോഷ്ടാവ് വീടിനകത്തായിരുന്ന ഏലിയാമ്മയെ പുറത്തിറക്കിയത്. പറമ്പിലേക്ക് വിരൽ ചൂണ്ടിക്കാട്ടി ഏലിയാമ്മയുടെ അടുത്ത് നിന്ന ഇയാൾ ഞൊടിയിടയിൽ മാലപൊട്ടിച്ച് ഓടുകയായിരുന്നു. ആക്രമണത്തിൽ നിലത്തുവീണ ഏലിയാമ്മയ്ക്ക് പരിക്കേറ്റു. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഏലിയാമ്മയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യം റിപ്പോർട്ടറിന് ലഭിച്ചിരുന്നു.
Content Highlight : Suspect arrested for breaking 82-year-old woman's necklace in Kothamangalam