ആര് ഇറങ്ങി പുറപ്പെട്ടാലും കേരളത്തില്‍ ഇനി കോൺഗ്രസ് മുഖ്യമന്ത്രിമാരുണ്ടാകില്ല: ഇ പി ജയരാജൻ

മുഖ്യമന്ത്രി കുപ്പായമിട്ട് നടക്കുന്നവർക്കെല്ലാം അസ്വസ്ഥതയാണ്, അതുകൊണ്ടാണ് ഇടതുപക്ഷ മുന്നണിയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നത്

തിരുവനന്തപുരം: ആര് ഇറങ്ങി പുറപ്പെട്ടാലും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇനി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുണ്ടാകില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍. മുഖ്യമന്ത്രി കുപ്പായമിട്ട് നടക്കാമെന്ന് സ്വപ്‌നം കാണുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആഗ്രഹം വെറുതെയാണെന്നും കേരളം പുതിയ ദിശയിലേക്ക് സഞ്ചരിക്കുകയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. 'നാട്ടിലെ ജനങ്ങളെല്ലാം പുതിയ കേരളത്തിനൊപ്പമുള്ള സഞ്ചാരം ആരംഭിച്ചു. ഐശ്വര്യ പൂര്‍ണമായ നാടിനൊപ്പമാണ് ജനങ്ങള്‍. അതിനുള്ള കൂടുതല്‍ നടപടികള്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ച് വരികയാണ്. അതാണ് കേരളം.' ജയരാജന്‍ വ്യക്തമാക്കി.

'പിഎം ശ്രീയില്‍ മാത്രമല്ല പല കാര്യങ്ങളിലും പാര്‍ട്ടികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാകാം. പാര്‍ട്ടികള്‍ക്ക് വിമര്‍ശനമുന്നയിക്കാനുള്ള അവകാശമുണ്ട്. പക്ഷെ ഇടത് സര്‍ക്കാര്‍ ഏത് കാര്യത്തെക്കുറിച്ചും ശരിയായ നിലപാട് മാത്രമെ എടുക്കുകയുള്ളു. എല്ലാ പാര്‍ട്ടികളോടും വളരെ സഹകരണത്തിലാണ് ഇടത് സര്‍ക്കാര്‍ പോകുന്നത്. ഇത് കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നുണ്ട്. കുപ്പായമിട്ട് നടക്കുന്ന ആളുകള്‍ക്കെല്ലാം അസ്വസ്ഥതയാണ്. അതുകൊണ്ട് തന്നെയാണ് ഇടതുപക്ഷ മുന്നണിയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗരൂകരാകേണ്ടതുണ്ട്.' ജയരാജന്‍ പറഞ്ഞു.

'കേന്ദ്രം ആവിഷ്‌കരിച്ച പദ്ധതികള്‍ പൊതുവായി ചര്‍ച്ച ചെയ്ത്, കേരളത്തിന്റെ താല്‍പര്യങ്ങളും കേരളത്തിലെ ജനങ്ങളുടെ താല്‍പര്യങ്ങളും ഒരു പോലെ സംരക്ഷിച്ചുകൊണ്ട് നിലപാടുകള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് ഇവിടെയുള്ളത്. വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം വെച്ചു പുലര്‍ത്തുന്ന സംസ്ഥാനമാണ് കേരളം. ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രശംസ നേടിക്കൊണ്ടിരിക്കുന്ന സംസ്ഥാനം കൂടിയാണ് നമ്മുടേത്.' ജയരാജന്‍ വ്യക്തമാക്കി.

'ആര്‍എസ്എസിന്റെ അജണ്ടകള്‍ കേരളത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഇടത് സര്‍ക്കാര്‍ അനുവദിക്കില്ല. ഇവിടെ കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. പിഎം ശ്രീ പദ്ധതിയില്‍ സിപിഐക്ക് അവ്യക്തതയുണ്ടോ എന്ന കാര്യം അറിയില്ല. പക്ഷെ ചര്‍ച്ചകള്‍ മുന്നോട്ട് തന്നെ പോകും.' ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight; ‘No more Congress CMs in Kerala,’ says E P Jayarajan

To advertise here,contact us