തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലെ റെഡ് അലേർട്ട് പിൻവലിച്ച് ഓറഞ്ച് അലേർട്ടാക്കി. ഇതോടെ 10 ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.
നാളെ ഒമ്പത് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.
ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എം എം മുതൽ 204.4 എംഎം വരെ മഴ ലഭിച്ചേക്കും.മഞ്ഞ അലേർട്ട് പ്രഖ്യാപിച്ച ഇടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിൽ 64.5 എം എം മുതൽ 115.5 എം എം വരെ മഴ ലഭിച്ചേക്കും.
തിരുവനന്തപുരം കരമന (വെള്ളൈക്കടവ് സ്റ്റേഷൻ) നദിയിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. യാതൊരു കാരണവശാലും ഈ നദിയിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് നൽകി.
Content Highlights: kerala rain alert; red alert cancelled