'മനപ്പൂർവം അപമാനിക്കാൻ ക്രിമിനൽ സ്വഭാവമുള്ള പല പോസ്റ്റുകളും പ്രചരിക്കുന്നു'; സെെബർ ആക്രമണത്തിനെതിരെ ജി സുധാകരൻ

ഗുരുതരമായ സൈബര്‍ കുറ്റമാണിതെന്ന് ജി സുധാകരന്‍

ആലപ്പുഴ: തുടര്‍ച്ചയായ സൈബര്‍ ആക്രമണത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. കുറച്ച് നാളായി തന്റെ ചിത്രത്തോട് കൂടി ക്രിമിനല്‍ സ്വഭാവമുള്ള പല പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുവെന്ന് സുധാകരന്‍ പറഞ്ഞു. ഇത് മനപ്പൂര്‍വം തന്നെ അപമാനിക്കാന്‍ വേണ്ടിയാണ് ചെയ്യുന്നതെന്നും ജി സുധാകരന്‍ ആരോപിച്ചു.

''സ. പിണറായി വിജയന്‍ ജി സുധാകരന്‍ അയച്ച കവിത വൈറലാകുന്നു' എന്ന് പറഞ്ഞ് ഇപ്പോള്‍ ഒരു അസഭ്യ കവിത താഴെയുള്ള എന്റെ പടത്തോടുകൂടി കോഴിക്കോട്ടുള്ള ഒരു സുഹൃത്ത് ശ്രീ ബാബു ചെറിയാന്‍ അവരുടെ ഗ്രൂപ്പില്‍ വന്നതായി അയച്ചുതന്നു. കുറച്ചുനാളായി എന്റെ പടത്തോടുകൂടി ക്രിമിനല്‍ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ സര്‍ക്കുലേറ്റ് ചെയ്യുന്നു. ഇത് മനപ്പൂര്‍വ്വം എന്നെ അപമാനിക്കാന്‍ വേണ്ടിയാണ്. സൈബര്‍ പൊലീസ് ഇത് ശ്രദ്ധിച്ചാല്‍ കൊള്ളാം. ഗുരുതരമായ സൈബര്‍ കുറ്റമാണിത്', ജി സുധാകരന്‍ ഫേസ്ബുക്കിൽ കുറിച്ചു.

തനിക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ മുൻപും ജി സുധാകരന്‍ രംഗത്തെത്തിയിരുന്നു. ആലപ്പുഴയില്‍ പൊളിറ്റിക്കല്‍ 'ഗ്യാങ്സ്റ്ററിസ'മാണെന്ന് സുധാകരന്‍ പറഞ്ഞിരുന്നു. ആലപ്പുഴയില്‍ നടന്ന കെപിസിസിയുടെ സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെ ജി സുധാകരനെതിരെ സൈബര്‍ ആക്രമണമുണ്ടായിരുന്നു.

സുധാകരന്റെ കുടുംബത്തെയടക്കം അധിക്ഷേപിച്ചായിരുന്നു ഫേസ്ബുക്ക് പോസ്റ്റുകള്‍. രക്തസാക്ഷിയുടെ സഹോദരനല്ലായിരുന്നെങ്കില്‍ മറ്റൊരു പേര് വിളിച്ചേനെ എന്നായിരുന്നു അധിക്ഷേപം. സുധാകരനെതിരെ ഫേസ്ബുക്കില്‍ തെറി വിളിയുമുണ്ടായി. അനിഷ് പിഎസ് എന്ന പ്രൊഫൈലില്‍ നിന്ന് സുധാകരനെതിരെ കുറിപ്പ് പങ്കുവെച്ചിരുന്നു.

Content Highlights: G Sudhakaran facebook post against Cyber attack

To advertise here,contact us