മലപ്പുറം: കരിപ്പൂര് വിമാനത്താവളത്തില് യാത്രക്കാരനില് നിന്ന് എംഡിഎംഎ പിടികൂടിയ സംഭവത്തിൽ ലഹരിക്കടത്ത് കണ്ണികളെ പിടികൂടാൻ പൊലീസ് വിദേശത്തേക്ക്. വിദേശത്തുള്ള വിതരണക്കാരെ കണ്ടത്താനുള്ള ശ്രമം ആരംഭിച്ചുവെന്ന് മലപ്പുറം എസ്പി ആർ വിശ്വനാഥ് റിപ്പോർട്ടറിനോട് പറഞ്ഞു.
മുൻപത്തെ ലഹരി കേസുകളിൽ ഉൾപ്പെട്ടവർ ഇപ്പോഴും വിദേശത്ത് തുടരുന്നവരുണ്ടെന്നും അവർക്കെതിരെ ഇന്റർപോളിന്റെ സഹായത്തോടെ അന്വേഷണം നടത്തുന്നുണ്ടെന്നും എസ്പി അറിയിച്ചു. അവർക്കെതിരെ ഇന്റർപോൾ മുഖാന്തരമുള്ള കോർണർ നോട്ടീസുകൾ നൽകും. അതിൽ മലയാളികൾ ഉൾപ്പെടെയുണ്ട്. ലുക്ക്ഔട്ട് നോട്ടീസ് വിതരണം ചെയുന്നുണ്ടെന്നും ചിലയാളുകളുടെ പാസ്പോർട്ട് റദ്ദാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഒരു വിട്ടുവീഴ്ചയുമില്ലാത്ത നടപടികളുമായി മുന്നോട്ട് പോകുമെന്നും എസ്പി പറഞ്ഞു. ലഹരിക്കടത്ത് കണ്ണികളെയെല്ലാം പിടികൂടും. 2025 ൽ നാലാമത്തെ കേസാണിത്. മസ്കറ്റിൽ നിന്നാണ് പ്രതി വന്നതെന്നും എസ്പി പറഞ്ഞു. പ്രതിയെ കുറിച്ച് രഹസ്യ വിവരം നേരത്തെ ലഭിച്ചിരുന്നു. ഡാൻസാഫിൻ്റെ പരിശോധനയിലാണ് പ്രതിയെ പിടികൂടിയതെന്നും പ്രതിയുടെ ഫോണിലെ ഇന്റർനെറ്റ് ഉപയോഗം ഉൾപ്പെടെ പരിശോധിക്കുന്നുണ്ടെന്നും എസ്പി അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് കരിപ്പൂര് വിമാനത്താവളത്തില് ഒരു കിലോയോളം എംഡിഎംഎയുമായി തൃശൂർ സ്വദേശി പിടിയിലായത്. ദമാമില് നിന്ന് എയര് ഇന്ത്യ വിമാനത്തില് കരിപ്പൂരില് എത്തിയ കൊരട്ടി സ്വദേശി പഴക്കര വീട്ടില് എ ലിജീഷ്(50) ആണ് അറസ്റ്റിലായത്. ഡാന്സാഫും കരിപ്പൂര് പൊലീസും ചേര്ന്നാണ് ഇയാളെ പിടികൂടിയത്. കാര്ഡ്ബോര്ഡ് പെട്ടിയില് 21 പാക്കറ്റുകളായി ഒളിപ്പിച്ച് കടത്താനാണ് പ്രതിയായ ലിജീഷ് ശ്രമിച്ചത്. 21 പാക്കറ്റുകളിലായി ഒരു കിലോയോളം എംഡിഎംഎയാണ് ഇയാളുടെ പക്കല് നിന്ന് ഡാന്സാഫും കരിപ്പൂര് പൊലീസും ചേര്ന്ന് കണ്ടെടുത്തത്. കഴിഞ്ഞ മൂന്നാം തീയതിയാണ് ലിജീഷ് ദമാമിലേക്ക് പോയത്.
Content Highlight : drugs seized from a passenger in Karipur; Police go abroad to arrest drug smugglers