തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നിലപാടില് പിന്നോട്ടില്ലെന്ന് ആവര്ത്തിച്ച് സിപിഐ. എതിര്പ്പ് ശക്തമായി തുടരാനാണ് സിപിഐ എക്സിക്യുട്ടീവ് തീരുമാനം. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാടിന് സെക്രട്ടേറിയേറ്റിന്റെയും എക്സിക്യൂട്ടീവിന്റെയും പൂര്ണ്ണ പിന്തുണ ലഭിക്കുകയായിരുന്നു.
മന്ത്രിസഭയില് ചര്ച്ച വന്നാല് ശക്തമായി എതിര്ക്കാന് ബിനോയ് വിശ്വം സിപിഐ മന്ത്രിമാരോട് നിര്ദേശിച്ചു. പിഎം ശ്രീക്കെതിരെ ശക്തമായ പോരാട്ടമാണ് വേണ്ടതെന്ന് സിപിഐ ദേശീയ നേതൃത്വവും നിലപാട് വ്യക്തമാക്കി. പുത്തന് വിദ്യാഭ്യാസ നയം ഫെഡറല് സംവിധാനത്തെ തകര്ക്കുമെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ആനി രാജ പറഞ്ഞു.
ജനാധിപത്യത്തെ തകര്ക്കുന്ന ഏത് നീക്കത്തെയും നഖശികാന്തം എതിര്ക്കേണ്ടതാണ്. സംഘപരിവാര് അജണ്ട നടപ്പാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ഇതിനെ എതിര്ക്കണം. അതാണ് പാര്ട്ടി നിലപാട്. കേരളത്തിലെ കാര്യം സംസ്ഥാന കമ്മിറ്റിയും എല്ഡിഎഫും കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും ആനി രാജ പറഞ്ഞു.
പിഎം ശ്രീ പദ്ധതി വീണ്ടും ചര്ച്ചയായത് മുതല് സിപിഐ കടുത്ത എതിര്പ്പിലാണ്. പിഎം ശ്രീ പദ്ധതിയുടെ കാതല് എന്ഇപിയാണെന്നും അതിന്റെ അടിസ്ഥാനം ആര്എസ്എസിന്റെയും ബിജെപിയുടെയും വിദ്യാഭ്യാസ തത്വങ്ങളും കാഴ്ചപ്പാടുകളുമാണെന്നും പിഎം ശ്രീ വിവാദമായ ഘട്ടത്തില് ബിനോയ് വിശ്വം പറഞ്ഞിരുന്നു. കേരളം എല്ലാ രംഗത്തും ഒരുബദല് രാഷ്ട്രീയത്തിന്റെ സംസ്ഥാനമായാണ് കാണുന്നത്.
ഡാര്വിന്റെ പരിണാമസിദ്ധാന്തംപോലും പഠിപ്പിക്കേണ്ടെന്ന് പറഞ്ഞ് സിലബസ് മാറ്റുന്ന ബിജെപി, ചരിത്രം വളച്ചൊടിക്കുന്ന ശാസ്ത്രത്തെ ഭയപ്പെടുന്ന അന്തവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരാണെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. ഇതിനെതിരെ സിപിഐ മുഖപത്രമായ ജനയുഗത്തില് ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു. ആര്എസ്എസിന്റെ തിട്ടൂരത്തിന് ഇടതുപക്ഷ സര്ക്കാര് വഴങ്ങരുതെന്നായിരുന്നു ലേഖനത്തില് പറഞ്ഞത്. രാഷ്ട്രീയ നിലപാടും നയവും ബലികഴിച്ച് പദ്ധതിയില് ഒപ്പുവെയ്ക്കരുതെന്നും ലേഖനത്തില് പറഞ്ഞിരുന്നു.
Content Highlights: CPI reiterates that it will not back down from its stance on the PM Shri project