തൃശൂര്: പാര്ട്ടി അച്ചടക്കം ലംഘിച്ച് പരസ്യപ്രസ്താവന നടത്തിയതിന് സിപിഐഎം പുറത്താക്കിയ പഞ്ചായത്ത് പ്രസിഡന്റ് കോണ്ഗ്രസില് ചേര്ന്നു. എളവളളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സാണ് രാജിവെച്ച് കോണ്ഗ്രസില് ചേര്ന്നത്. മുതിര്ന്ന കോണ്ഗ്രസ് നേതാക്കള് എത്തി ജിയോ ഫോക്സിന് പാര്ട്ടി അംഗത്വം നല്കി. കഴിഞ്ഞ ദിവസമാണ് ഫോക്സിനെ പ്രാഥമിക അംഗത്വത്തില് നിന്ന് പുറത്താക്കിയതായി സിപിഐഎം അറിയിച്ചത്. നേരത്തെ കോൺഗ്രസ് വിട്ട് പുറത്തുവന്ന ജിയോ ഫോക്സിനെ സിപിഐഎം ടിക്കറ്റിൽ മത്സരിച്ചാണ് പഞ്ചായത്ത് പ്രസിഡന്റ് ആക്കിയത്.
മണലൂർ നിയമസഭാ സീറ്റ് വേണമെന്ന് ജിയോ ഫോക്സ് ആവശ്യപ്പെട്ടതോടെയാണ് സിപിഐഎമ്മുമായി പ്രശ്നങ്ങൾ ഉടലെടുത്തത്. തുടർന്ന് വീണ്ടും യുഡിഎഫിലേക്ക് പോകുന്നതിനുള്ള നീക്കമുണ്ടെന്ന് കഴിഞ്ഞ ദിവസം ജിയോ ഫോക്സ് പരസ്യപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി ജിയോ ഫോക്സിനെതിരെ നടപടി സ്വീകരിച്ചത്.
അതേസമയം, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയോട് വിയോജിച്ച് വരന്തരപ്പിള്ളിയില് നാല് ബിജെപി പ്രവര്ത്തകർ കോണ്ഗ്രസില് ചേര്ന്നിരുന്നു. കലുങ്ക് സംവാദത്തില് പങ്കെടുത്ത ബിജെപി പ്രവര്ത്തകരാണ് സംവാദത്തിന്റെ അടുത്ത ദിവസം പാര്ട്ടി വിട്ടത്. പ്രസാദ്, രാജശ്രീ, സുമേഷ്, ശാലിനി എന്നിവരാണ് പാര്ട്ടി വിട്ടത്. ബിജെപി ഭരിക്കുന്ന വേലുപ്പാടം വാര്ഡില് നിന്നുള്ള സജീവ ബിജെപി പ്രവര്ത്തകരാണ് ഇവര്. ഈ മാസം 18നായിരുന്നു വരന്തരപ്പിള്ളി പഞ്ചായത്തിലെ നാലാം വാര്ഡില് കലുങ്ക് സംവാദം നടന്നത്. പിറ്റേന്ന് 19നാണ് ഇവര് കോണ്ഗ്രസില് ചേര്ന്നത്. സുരേഷ് ഗോപി സംവാദത്തിനിടെ അപമാനിച്ചതാണ് പാര്ട്ടി വിടാന് കാരണമെന്നാണ് പാര്ട്ടി വിട്ടവര് പറഞ്ഞത്.
സുരേഷ് ഗോപിയുടെ പ്രജകളല്ല തങ്ങളെന്നും മന്ത്രിയുടെ പെരുമാറ്റം താല്പര്യമില്ലാത്തതിനാലാണ് പാര്ട്ടി വിട്ടതെന്നും പാര്ട്ടി വിട്ട പ്രസാദ് പറഞ്ഞു. രാഹുല് ഗാന്ധി സാധാരണക്കാരുടെ ചായക്കടയില് പോയി ചായ കുടിക്കുമെന്നും എന്നാല് എല്ലാവരും പ്രജകളെന്ന് കരുതുന്ന സുരേഷ് ഗോപിക്ക് അത് പറ്റില്ലെന്ന് പ്രസാദ് കൂട്ടിച്ചേര്ത്തു.
Content Highlights: Panchayat president expelled by CPI(M) for disciplinary violation joins Congress