പോത്തുണ്ടി ഇരട്ടക്കൊലപാതകം: കുറ്റം ചെയ്തിട്ടില്ലെന്ന് ചെന്താമര; കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

പോത്തുണ്ടി സജിത കൊലക്കേസില്‍ കഴിഞ്ഞ ആഴ്ച കോടതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു

പാലക്കാട്: പോത്തുണ്ടി ഇരട്ടക്കൊലപാതകം താന്‍ ചെയ്തിട്ടില്ലെന്ന് പ്രതി ചെന്താമര. കേസില്‍ ചെന്താമരയെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചിരുന്നു. പിന്നാലെയാണ് താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ചെന്താമര പറഞ്ഞത്.

അതേസമയം പോത്തുണ്ടി സജിത കൊലക്കേസില്‍ കഴിഞ്ഞ ആഴ്ച കോടതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇരട്ട ജീവപര്യന്തത്തിനൊപ്പം 3,25,000 രൂപ പിഴയും വിധിച്ചു. 2019 ഓഗസ്റ്റ് 31 നായിരുന്നു നെന്മാറ പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശിനി സജിതയെ ചെന്താമര കൊലപ്പെടുത്തുന്നത്.

ഭാര്യയും മകളും തന്നെ വിട്ടു പോയത്, സജിത കാരണമാണെന്ന സംശയത്തെ തുടര്‍ന്ന് വീട്ടില്‍ കയറി മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് സജിതയെ ആക്രമിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ ചെന്താമരയെ സാഹസികമായി പിടികൂടി പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിചാരണ തടവുകാരനായിരിക്കെ ജാമ്യത്തില്‍ ഇറങ്ങി ചെന്താമര, പക തീരാതെ സജിതയുടെ ഭര്‍ത്താവ് സുധാകരനെയും, സുധാകരന്റെ അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തുകയായിരുന്നു.

2020ല്‍ പൊലീസ് സജിത കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും, ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് സാക്ഷിവിസ്താരം തുടങ്ങിയത്. കേസില്‍ ചെന്താമരയുടെ ഭാര്യ, സഹോദരന്‍, സുഹൃത്തുക്കള്‍ ഉള്‍പ്പെടെ ചെന്താമരക്കെതിരായി കോടതിയില്‍ മൊഴി നല്‍കി. കൊലപാതകം നടന്നിടത്ത് നിന്ന് ലഭിച്ച ശാസ്ത്രീയ തെളിവുകളും ലഭിച്ചതും കേസില്‍ നിര്‍ണായകമായിയെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എം ജെ വിജയ് കുമാര്‍ പറഞ്ഞു.

Content Highlights: Chenthamara says he did not commit any crime in Pothundi double murder case

To advertise here,contact us