പാലക്കാട്: റവന്യൂ വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി അട്ടപ്പാടിയില് ആത്മഹത്യ ചെയ്ത കര്ഷകന് കൃഷ്ണസ്വാമിയുടെ ബന്ധുക്കളും സുഹൃത്തുക്കളും. അട്ടപ്പാടിയിലെ വില്ലേജ് ഓഫീസില് കടുത്ത അഴിമതിയാണ് നടക്കുന്നതെന്ന് കുടുംബം ആരോപിച്ചു. ഭൂമാഫിയകളില് നിന്നും കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥര് തണ്ടപേരുകള് മനഃപൂര്വ്വം തിരുത്തുന്നുവെന്നും അവര് ആരോപിച്ചു.
ഭൂമാഫിയകളും ഉദ്യോഗസ്ഥരും ചേര്ന്നുള്ള അഴിമതിയുടെ ഇരയാണ് കൃഷ്ണസ്വാമിയെന്നും സുഹൃത്തുക്കള് ആരോപിക്കുന്നു. സ്വന്തം ഭൂമിക്ക് തണ്ടപേര് ലഭിക്കുന്നതിനായി ഓഫീസുകള് കയറിയിറങ്ങി മടുത്താണ് കൃഷ്ണസ്വാമി ജീവനൊടുക്കിയതെന്നാണ് കുടുംബം പറയുന്നത്. സ്വന്തം ഭൂമിയുടെ തണ്ടപ്പേര് മറ്റൊരാളുടെ പേരിലാണെന്ന് അറിഞ്ഞതോടെ കൃഷ്ണസ്വാമി കടുത്ത മനോവിഷമത്തിലായെന്നും സുഹൃത്തുക്കള് പറഞ്ഞു. അഴിമതിക്കാരായ ഉദ്യോഗസ്ഥര്ക്കെതിരെ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
കഴിഞ്ഞ ദിവസമാണ് കൃഷ്ണസ്വാമിയെ കൃഷിസ്ഥലത്ത് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. കഴിഞ്ഞ ആറ് മാസമായി തണ്ടപ്പേരിനായി കൃഷ്ണസ്വാമി വില്ലേജ് കയറി ഇറങ്ങുകയായിരുന്നു. എന്നാല് സംഭവത്തില് കാലതാമസമുണ്ടായിട്ടില്ലെന്നും സാങ്കേതിക പ്രശ്നങ്ങള് നീക്കാനായി നടപടികള് തുടരുകയാണെന്നുമാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം.
Content Highlights: Attappadi farmer death family against Revenue department