ലഹരി കിട്ടാതെ വന്നതോടെ സമനില തെറ്റി; ജയിലില്‍ കൊലക്കേസ് പ്രതിയുടെ പരാക്രമം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മലപ്പുറം മഞ്ചേരിയില്‍ യുവാവിനെ കാടുവെട്ട് യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത് കൊന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മൊയ്തീന്‍ കുട്ടിയാണ് ജയിലില്‍ പരാമക്രമം കാട്ടിയത്

മലപ്പുറം: ലഹരി കിട്ടാതെ വന്നതോടെ സമനില തെറ്റി കൊലക്കേസ് പ്രതിയുടെ പരാക്രമം. മലപ്പുറം മഞ്ചേരിയില്‍ യുവാവിനെ കാടുവെട്ട് യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത് കൊന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മൊയ്തീന്‍ കുട്ടിയാണ് ജയിലില്‍ പരാക്രമം കാട്ടിയത്. പരാക്രമം രൂക്ഷമായതോടെ ഇയാളെ ജയിലധികൃതര്‍ മഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊയ്തീന്‍ കുട്ടി നിരന്തരം ലഹരി ഉപയോഗിക്കുന്ന ആളായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ ലഹരിക്ക് അടിമയായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചു.

ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മലപ്പുറത്ത് ദാരുണമായ കൊലപാതകം നടന്നത്. ചാത്തങ്ങോട്ടുപുറം സ്വദേശി നീലാണ്ടന്റെ മകന്‍ പ്രവീണായിരുന്നു അതിദാരുണമായി കൊല്ലപ്പെട്ടത്. പ്രവീണും മൊയ്തീനും കാടുവെട്ട് തൊഴിലാളികളായിരുന്നു. സംഭവ ദിവസം രാവിലെ ജോലിക്ക് പുറപ്പെട്ടതായിരുന്നു പ്രവീണ്‍. ഇതിനിടെ ഒപ്പമുണ്ടായിരുന്ന മറ്റൊരു കാടുവെട്ട് തൊഴിലാളി സുരേന്ദ്രന്റെ കൈയില്‍ നിന്ന് യന്ത്രം വാണ്ടി മൊയ്തീന്‍ കുട്ടി പ്രവീണിന്റെ കഴുത്തില്‍ വീശുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ പ്രവീണ്‍ മരിച്ചിരുന്നു.

സംഭവത്തില്‍ പ്രതികരണവുമായി സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. കൊലയ്ക്ക് മുന്‍പ് പ്രവീണും മൊയ്തീനും തമ്മില്‍ ഒരു വാക്ക് പോലും സംസാരിച്ചിരുന്നില്ലെന്നും മൊയ്തീന്‍ നേരെ വന്ന് പ്രവീണിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. താന്‍ സ്‌കൂട്ടറിലും പ്രവീണ്‍ ബൈക്കിലുമായി ചാരങ്കാവിലേക്ക് എത്തി. ജോലിക്ക് പോകാന്‍ ഇറങ്ങിയതായിരുന്നു. ഈ സമയം തന്റെ കൈയില്‍ കാടുവെട്ട് യന്ത്രമുണ്ടായിരുന്നു. താന്‍ വന്നപാടെ തന്റെ കൈവശമുണ്ടായിരുന്ന കാടുവെട്ട് യന്ത്രം മൊയ്തീന്‍ ചോദിച്ചുവാങ്ങി. ഈ സമയം പ്രവീണും അവിടേയ്ക്ക് എത്തി. തൊട്ടു പിന്നാലെ പ്രവീണിന്റെ പിന്നിലൂടെ പോയി മൊയ്തീന്‍ കഴുത്തില്‍ വീശുകയായിരുന്നു. ഈ സമയം ഇരുവരും ഒന്നും സംസാരിച്ചില്ല. നേരെ പോയി കൊലപ്പെടുത്തുകയായിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി മൊയ്തീന്‍ കുട്ടിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

പ്രവീണും മൊയ്തീനും തമ്മില്‍ മുന്‍പ് തര്‍ക്കങ്ങളുണ്ടായിരുന്നതായി വിവരമുണ്ടായിരുന്നു. ഇതാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

Content Highlights- Accused admitted hospital after violence in jail over drug

To advertise here,contact us