കൊല്ലം: ട്യൂഷന് എടുക്കവേ ഛര്ദ്ദിയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്ന്ന് പുനര്ലൂര് ഹെഡ് ക്വാര്ട്ടേഴ്സ് ആശുപത്രിയില് എത്തിച്ച അധ്യാപിക മരിച്ചു. ഇളമ്പല് കോട്ടവട്ടം നിരപ്പില് വീട്ടില് ബി ശ്രീഹരിയുടെ ഭാര്യ അശ്വതി (34) ആണ് മരിച്ചത്. ചികിത്സാ പിഴവാണ് അശ്വതിയുടെ മരണ കാരണമെന്നാണ് ബന്ധുക്കള് ആരോപിക്കുന്നത്. ഇതേ തുടര്ന്ന് ആശുപത്രിയില് ബന്ധുക്കള് തടിച്ചുകൂടിയത് സംഘര്ഷത്തിൽ വഴിവെച്ചു. സംഭവമറിഞ്ഞ് എത്തിയ പൊലീസാണ് പിന്നീട് സ്ഥിതിഗതികള് നിയന്ത്രണവിധേയമാക്കിയത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ പഠിപ്പിച്ചുക്കൊണ്ടിരിക്കെയാണ് അശ്വതിക്ക് ഛര്ദ്ദിയും ക്ഷീണവും അനുഭവപ്പെട്ടത്. തുടര്ന്ന് ആശുപത്രിയില് എത്തിച്ച അശ്വതിയെ അത്യാഹിത വിഭാഗത്തില് പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ആരോഗ്യസ്ഥിതി വഷളായതിനാല് സിടി സ്കാന് എടുത്തു. സിടി സ്കാന് റിപ്പോര്ട്ട് നോര്മലായിരുന്നു. പക്ഷേ ബിപിയും പള്സും പെട്ടെന്ന് കുറയുകയും മരണം സംഭവിക്കുകയും ആയിരുന്നു. സംഭവത്തിന് പിന്നാലെ ആശുപത്രിക്കെതിരെ അശ്വതിയുടെ കുടുംബം രംഗത്തെത്തി.
ആശുപത്രി അധികൃതർ മരണ വിവരം അറിയിക്കാന് വൈകിയതായി കുടുംബം ആരോപിച്ചു. ഛര്ദി മൂര്ച്ഛിച്ചപ്പോൾ എടുത്ത കുത്തിവയ്പ്പിന് ശേഷമാണ് ആരോഗ്യസ്ഥിതി മോശമായതെന്നും ബന്ധുക്കള് പറഞ്ഞു. അതേസമയം അശ്വതിയുടെ ജീവന് രക്ഷിക്കാന് സാധ്യമായതെല്ലാം ചെയ്തുവെന്നാണ് താലൂക്ക് ആശുപത്രി സൂപ്രണ്ട് സുനില്കുമാര് പറഞ്ഞത്. സംഭവത്തിൽ കുന്നിക്കോട് പൊലീസ് കേസ് രജിസ്റ്റര് ചെയ്തു. ഇന്ക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കല് കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് വന്നാല് മാത്രമേ യഥാർത്ഥ മരണ കാരണം വ്യക്തമാകുകയുള്ളൂ.
Content Highlights: A teacher died after experiencing vomiting and fatigue while taking tuition