'തട്ടമിട്ടതുകണ്ട് പേടി തോന്നുന്നുണ്ടോ? അത് കാഴ്ചപ്പാടിന്റെ പ്രശ്‌നമാണ്'; വൈറലായി നാലാം ക്ലാസുകാരിയുടെ പ്രസംഗം

ഇരിങ്ങാലക്കുടയില്‍ നടന്ന പോറത്തിശേരി കാര്‍ണിവലിനിടെയായായിരുന്നു ആയിഷ സംസാരിച്ചത്

'തട്ടമിട്ടതുകണ്ട് പേടി തോന്നുന്നുണ്ടോ? അത് കാഴ്ചപ്പാടിന്റെ പ്രശ്‌നമാണ്'; വൈറലായി നാലാം ക്ലാസുകാരിയുടെ പ്രസംഗം
dot image

തൃശൂര്‍: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തിനിടെ നാലാം ക്ലാസുകാരി നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നു. കൊല്ലം സ്വദേശിനിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ആയിഷ ആനടിയിലാണ് മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച് നടത്തിയ പ്രസംഗത്താൽ സദസിനെക്കൊണ്ട് കയ്യടിപ്പിച്ചത്. ഇരിങ്ങാലക്കുടയില്‍ നടന്ന പോറത്തിശേരി കാര്‍ണിവലിനിടെയായായിരുന്നു ആയിഷ സംസാരിച്ചത്. മന്ത്രി ആര്‍ ബിന്ദുവും വേദിയിലുണ്ടായിരുന്നു.

തട്ടമിട്ടതുകണ്ട് പേടി തോന്നുന്നുണ്ടോയെന്നാണ് സദസിനോട് ആയിഷ ചോദിക്കുന്നത്. പേടിയുണ്ടെങ്കില്‍ അത് കാഴ്ചയുടെയല്ല കാഴ്ചപ്പാടിന്റെ പ്രശ്‌നമാണെന്നും കുട്ടി പറയുന്നു. പരിപാടിക്കിടെ ആയിഷ തട്ടമിട്ട ഒരു കുട്ടിയെ വേദിയിലേക്ക് ക്ഷണിക്കുന്നുണ്ട്. ആ തട്ടം വാങ്ങി തന്റെ തലയിലിട്ട ശേഷമാണ് തട്ടമിട്ടത് കണ്ട് പേടി തോന്നുന്നുണ്ടോയെന്ന് ആയിഷ ചോദിക്കുന്നത്. ഇതിന്റെ പേരില്‍ പഠനം നിഷേധിക്കപ്പെട്ട കൂട്ടുകാരിക്ക് വേണ്ടി താന്‍ ഇതെങ്കിലും ചെയ്യണ്ടേയെന്നും കുട്ടി ചോദിക്കുന്നു.

'അവര്‍ ഇഷ്ടമുള്ള വസ്ത്രം ധരിക്കട്ടെ, ഇഷ്ടമുള്ള ഭക്ഷണം കഴിക്കട്ടെ. ഒരിത്തിരി ദയ മതി. മറ്റുള്ള മതത്തെക്കൂടി ഒന്ന് ബഹുമാനിക്കുക, അത്രമതി, ലോകം നന്നായിക്കോളും', ആയിഷ പറഞ്ഞു നിർത്തി.

നിരവധിപ്പേരാണ് ആയിഷയെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്. മന്ത്രി ആര്‍ ബിന്ദു ആയിഷയുടെ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. 'ഇരിങ്ങാലക്കുട പൊറത്തിശ്ശേരി കാര്‍ണിവലില്‍ വേദിയെ ഇളക്കിമറിച്ച് നാലാം ക്ലാസുകാരി ആയിഷ ആനടിയില്‍ നടത്തിയ പ്രസംഗം. മാനവികതയുടെ പ്രകാശം പരത്തുന്ന ഈ മിടുക്കികുട്ടിയുടെ വാക്കുകള്‍ക്ക് കാതോര്‍ക്കാം….. അഭിനന്ദനങ്ങള്‍ ആയിഷ…', എന്നായിരുന്നു മന്ത്രിയുടെ കുറിപ്പ്.

Content Highlights: fouth std student about secularism and hijab issue in palluruthi school

dot image
To advertise here,contact us
dot image