കേരള അത്ലറ്റ് ഫിസിക്ക് അലയൻസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന നാലാമത് മിസ്റ്റർ ഇന്ത്യ ബോഡിബിൽഡിങ് ആൻഡ് ഫിസിക്ക് ചാമ്പ്യൻഷിപ്പ് ജനുവരി 30,31,ഫെബ്രുവരി 1 എന്നീ തീയതികളിൽ നടക്കും. തൃശൂർ വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. റിപ്പോർട്ടർ ടിവിയാണ് ചാമ്പ്യൻഷിപ്പിൻ്റെ ചാനൽ പാർട്ണർ
മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. 45 ഓളം വിഭാഗങ്ങളിലായി കുട്ടികൾ, പുരുഷന്മാർ, സ്ത്രീകൾ എന്നിവർക്ക് പങ്കെടുക്കാവുന്ന തരത്തിലാണ് മത്സരങ്ങൾ നടക്കുക. 13 വയസിന് താഴെയുള്ള കുട്ടികൾ, 20 വയസിന് താഴെയുളള സബ് ജൂനിയർ വിഭാഗം, 23 വയസ്സാണ് താഴെയുള്ള ജൂനിയർ വിഭാഗം, നാല്പത് വയസിന് മുകളുള്ള മാസ്റ്റേഴ്സ് വിഭാഗം, വനിതാ-പുരുഷൻ ഓപ്പൺ കാറ്റഗറികൾ എന്നിങ്ങനെയാണ് മത്സരങ്ങൾ ഉണ്ടാകുക.
13 വയസിന് താഴെയുള്ള കുട്ടികളുടെ വിഭാഗത്തിൽ ഫിറ്റ്നസ് പെർഫോമൻസ്, പോസിംഗ് എന്നിവയാണ് ഉണ്ടാകുക. മാർഷ്യൽ ആർട്ട്സ്, യോഗ എന്നിവ ഇതിൽ ഉൾപ്പെടും. വനിതകളിൽ തന്നെ അമ്മമാരായ സ്ത്രീകൾക്ക് വേണ്ടിയും പ്രത്യേക മത്സരങ്ങൾ ഉണ്ടാകും. അവയിലും മാർഷ്യൽ ആർട്ട്സ്, യോഗ തുടങ്ങിയ വിഭാഗങ്ങൾ ഉണ്ടാകും.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരമാണ് മത്സരങ്ങൾ നടക്കുക. ആദ്യമായാണ് ചാമ്പ്യൻഷിപ്പ് കേരളത്തിൽ നടത്തപ്പെടുന്നത്. ഇതിന് മുൻപ് ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടന്നത്. ജില്ലാ, സംസ്ഥാന, മേഖലാതല മത്സരങ്ങളിൽ വിജയിക്കുന്നവരാണ് ദേശീയ തലത്തിലേക്കെത്തുക. ഡിസംബർ പകുതിയോടെ ജില്ലാതല മത്സരങ്ങൾ ആരംഭിക്കും. സംസ്ഥാനതല മത്സരങ്ങൾ ജനുവരി 10,11 എന്നീ തിയ്യതികളിൽ കോഴിക്കോട് വെച്ചാണ് നടക്കുക. ജനുവരി 17,18 എന്നീ തിയ്യതികളിൽ ചെന്നൈയിൽ വെച്ച് ദക്ഷിണ മേഖല ചാമ്പ്യൻഷിപ്പ് നടക്കും. ശേഷമാണ് നാഷണൽ ചാമ്പ്യൻഷിപ്പ് നടക്കുക.
ചാമ്പ്യൻഷിപ്പ് സൗജന്യമായി കാണാൻ പൊതുജനങ്ങൾക്ക് അവസരമുണ്ട്. ആരോഗ്യം എന്നത് ഒരു കുടുംബത്തിന്റെയാകെ ഉത്തരവാദിത്വമാണ് എന്ന സന്ദേശമാണ് ഈ ചാംപ്യൻഷിപ്പിലൂടെ നൽകുന്നത് എന്ന് സംഘാടകർ പറയുന്നു. അതിനാലാണ് എല്ലാ പ്രായത്തിൽപ്പെട്ടവർക്കും, അതും ലിംഗഭേദമില്ലാതെ മത്സരങ്ങൾ സംഘടിപ്പിക്കുന്നത് എന്നും സംഘാടകർ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക്: 09995198024, 09037822571