മലപ്പുറത്ത് ഹജ്ജിൻറെ പേരിൽ കോടികൾ തട്ടിയ മുൻ യൂത്ത് ലീഗ് നേതാവിനെ സംരക്ഷിക്കുന്നത് ഉന്നത നേതാക്കളെന്ന് ഇരകൾ

നെടുമ്പാശേരി വിമാനത്താവളത്തിൽ ഹജ്ജ് തീർത്ഥാടനത്തിനായി എത്തിയപ്പോഴാണ് യാത്ര റദ്ദാക്കിയ വിവരം അറിയിച്ചത്

മലപ്പുറം: മലപ്പുറത്ത് ഹജ്ജിന്റെ പേരിൽ കോടികൾ തട്ടിയെടുത്ത മുൻ യൂത്ത് ലീഗ് നേതാവിനെ സംരക്ഷിക്കുന്നത് ഉന്നത രാഷ്ട്രീയ നേതാക്കളെന്ന് ആരോപണം. ഹജ്ജിന് കൊണ്ടുപോകാമെന്ന വ്യാജേന എട്ടുകോടിയിലധികം രൂപയാണ് ചെമ്മാട് ദാറുൽ ഈമാൻ ട്രാവൽസ് ഉടമ വി പി അഫ്‌സൽ തട്ടിയത്. ആരോപണത്തിന് പിന്നാലെ അഫ്‌സലിനെ ലീഗിൽ നിന്നും പുറത്താക്കിയതായി നേതൃത്വം അറിയിച്ചു. പാർട്ടി ഇയാൾക്ക് ഒരു സംരക്ഷണവും നൽകിയിട്ടില്ലെന്നും ലീഗ് നേതാക്കൾ വ്യക്തമാക്കി.

എന്നാൽ കേസ് ഒതുക്കിതീർക്കാൻശ്രമം നടക്കുന്നുവെന്നാണ് ഇരകളുടെ ആരോപണം. നൂറിലേറെ ആളുകളിൽ നിന്ന് അഫ്‌സൽ പണം വാങ്ങി വഞ്ചിച്ചു എന്ന് പരാതിക്കാർ വ്യക്തമാക്കി. യൂത്ത് ലീഗ് മണ്ഡലം ട്രഷററായിരുന്ന അഫ്‌സലിനെ വിശ്വസിച്ചാണ് പണം നൽകിയതെന്നും തട്ടിപ്പിനിരയായവരിൽ ലീഗ് അനുഭാവികളടക്കമുണ്ടെന്നും പരാതിക്കാർ പറഞ്ഞു.

അഞ്ച് ലക്ഷം മുതൽ ഏഴ് ലക്ഷം വരെ വിവിധ ആളുകളിൽ നിന്നായി ഇയാൾ വാങ്ങി. ഇത്തരത്തിൽ എട്ട് കോടിയിലധികം രൂപയാണ് അഫ്‌സൽ കൈക്കലാക്കിയത്. 2023ലാണ് ഗഡുക്കളായി ഇയാൾ പണം വാങ്ങിയത്. 2024ൽ വിവിധ സ്ഥലങ്ങളിലായി സംഘടിപ്പിച്ച ഹജ്ജ് ക്ലാസുകളിൽ പണം നൽകിയവർ പങ്കെടുത്തിരുന്നു.

എന്നാൽ നെടുമ്പാശേരി വിമാനത്താവളത്തിൽ ഹജ്ജ് തീർത്ഥാടനത്തിനായി എത്തിയപ്പോഴാണ് യാത്ര റദ്ദാക്കിയ വിവരം അഫ്‌സലിന്റെ കമ്പനി അറിയിച്ചത്. സാങ്കേതിക പ്രശ്‌നങ്ങളാണ് യാത്ര റദ്ദാക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടിയത്. പിന്നീട് പല ഘട്ടങ്ങളിലായി ഹജ്ജിന് കൊണ്ടുപോകാമെന്ന് അഫ്‌സൽ പറഞ്ഞെങ്കിലും അതുണ്ടായില്ല. ഹജ്ജിന് പോകാൻ പറ്റാത്തവർക്ക് പണം തിരികെ നൽകാമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. രാഷ്ട്രീയനേതാക്കൾ വഴി സമവായ ചർച്ചകൾ നടത്തിയിട്ടും പണം ലഭിച്ചില്ലെന്ന് ഇരകൾ പറഞ്ഞു. എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്നും എല്ലാവർക്കും പണം നൽകിയിട്ടുണ്ടെന്നും അഫ്‌സൽ പ്രതികരിച്ചു.

Content Highlights: Former Youth League leader embezzled crores in the name of Hajj at malappuram

To advertise here,contact us