ബിജെപിയില്‍ കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റിനായി തര്‍ക്കം: പരിഹാസവുമായി കെ സുരേന്ദ്രന്‍

പിഎം ശ്രീ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന്റെ ക്രെഡിറ്റ് എബിവിപിക്കാണ് എന്നായിരുന്നു സുരേന്ദ്രന്റെ പോസ്റ്റ്

തിരുവനന്തപുരം: കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റിനായി ബിജെപിയില്‍ തര്‍ക്കം. ബിജെപി സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിമാരും തമ്മിലാണ് തര്‍ക്കം. നെടുമ്പാശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്‌റ്റേഷന്റെ ക്രെഡിറ്റ് ഏറ്റെടുത്ത് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ രംഗത്തെത്തി. പദ്ധതിയുടെ ക്രെഡിറ്റ് രാജീവ് ചന്ദ്രശേഖറും അവകാശപ്പെട്ടിരുന്നു. ക്രെഡിറ്റ് തര്‍ക്കത്തെ പരോക്ഷമായി വിമര്‍ശിച്ച് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തി. പി എം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയതിന്റെ ക്രെഡിറ്റ് എബിവിപിക്കാണ് എന്നാണ് സുരേന്ദ്രന്റെ പരിഹാസം.

കേന്ദ്ര പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിലും നേതാക്കള്‍ക്കിടയില്‍ മത്സരമുണ്ട്. കഴിഞ്ഞ ദിവസം കേരളത്തിന് വന്ദേഭാരത് അനുവദിച്ചപ്പോള്‍ അത് താന്‍ ആവശ്യപ്പെട്ടിട്ടാണ് എന്ന തരത്തില്‍ രാജീവ് ചന്ദ്രശേഖര്‍ ഒരു പോസ്റ്റിട്ടിരുന്നു. പിന്നാലെ പല നേതാക്കളും അവകാശവാദവുമായി വന്നു. നെടുമ്പാശേരി എയര്‍പോര്‍ട്ടിനോട് ചേര്‍ന്ന് റെയില്‍വേ സ്‌റ്റേഷന്‍ നിര്‍മിക്കാനുളള കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ അറിയിപ്പ് വന്നപ്പോള്‍ ജോര്‍ജ് കുര്യനാണ് ആദ്യം പോസ്റ്റിട്ടത്. പിന്നീട് രാജീവ് ചന്ദ്രശേഖറും താന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു എന്ന മട്ടില്‍ പോസ്റ്റിട്ടു. ഇന്നലെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനും ഒരു പോസ്റ്റിട്ടു. പിഎം ശ്രീ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന്റെ ക്രെഡിറ്റ് എബിവിപിക്കാണ് എന്നായിരുന്നു സുരേന്ദ്രന്റെ പോസ്റ്റ്.

ന്യൂനപക്ഷങ്ങളെ കൂടെനിര്‍ത്താന്‍ പുതിയ തന്ത്രങ്ങളും പയറ്റുകയാണ് ബിജെപി. കേരളാ ബിജെപിയുടെ പോസ്റ്ററുകളില്‍ കാവി നിറം ഒഴിവാക്കാന്‍ ഐടി സെല്ലിന് നിര്‍ദേശം നല്‍കിയെന്നാണ് വിവരം. കഴിഞ്ഞ ഒരുമാസമായി ഔദ്യോഗിക പേജില്‍ കാവി നിറമില്ലാത്ത പോസ്റ്ററുകളാണുളളത്. നീലയും ചുവപ്പും നിറങ്ങളുളള പോസ്റ്ററുകളാണ് ഇപ്പോള്‍ കൂടുതലും. ക്രിസ്ത്യന്‍ ഔട്ട്‌റീച്ച് പരിപാടിയുടെ ഭാഗമായാണ് കാവി മായുന്നതെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: Controversy over credit for central schemes in BJP: K Surendran Criticize

To advertise here,contact us