തിരുവനന്തപുരം: നെയ്യാറ്റിന്കരയില് ജീവനൊടുക്കിയ വീട്ടമ്മ എഴുതിയ ആത്മഹത്യാ കുറിപ്പ് പുറത്ത്. കോണ്ഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്ളിനെതിരെ ഗുരുതര ആരോപണമാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. ലോണ് ശരിയാക്കാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് വീട്ടമ്മ പറയുന്നത്. മകനും മകള്ക്കുമായി രണ്ട് കുറിപ്പുകള് വീട്ടമ്മ എഴുതിയിരുന്നു. ഇതില് മകനെഴുതിയ കുറിപ്പിലാണ് താന് നേരിട്ട അതിക്രമം വീട്ടമ്മ വ്യക്തമാക്കുന്നത്.
'മോനേ ഞാന് ആത്മഹത്യ ചെയ്യുകയാണ്' എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. തനിക്ക് ജീവിക്കേണ്ടെന്നും ജോസ് ഫ്രാങ്ക്ളിന് ജീവിക്കാന് സമ്മതിക്കില്ലെന്നും യുവതി പറയുന്നു. കടം തീര്ക്കാന് ലോണ് ശരിയാക്കി തരാമെന്ന് ജോണ് ഫ്രാങ്കാളിന് പറഞ്ഞു. കുറച്ച് ബില് കൊണ്ടുകൊടുക്കാനും ആവശ്യപ്പെട്ടു. തൊഴുക്കല് ഓഫീസില് ഉണ്ടാകുമെന്നും പറഞ്ഞു. ബില് കൊണ്ടുകൊടുക്കാന് പോയപ്പോഴായിരുന്നു ലൈംഗികാതിക്രമമെന്നും യുവതി പറയുന്നു.
ഭര്ത്താവില്ലെന്ന് പറഞ്ഞ് ഇങ്ങനെയൊക്കെ ചെയ്യാമോ എന്ന് യുവതി കുറിപ്പില് ചോദിക്കുന്നു. തനിക്ക് ഇങ്ങനെ വൃത്തികെട്ട് ജീവിക്കേണ്ട. അവന് തന്നെ ജീവിക്കാന് സമ്മതിക്കില്ല. ലോണിന്റെ കാര്യം എന്തായി എന്ന് ചോദിച്ചാല് എപ്പോള് വരും, എപ്പോള് കാണാം എന്നൊക്കെയാണ് ചോദിക്കുന്നത്. ഇറങ്ങി വാ എന്നൊക്കെ പറയും. തനിക്ക് ഇനി ജീവിക്കേണ്ടെന്നും കുറിപ്പില് പറയുന്നുണ്ട്.
ഒക്ടോബര് എട്ടാം തീയതിയാണ് നെയ്യാറ്റിന്കരയില് വീട്ടമ്മ പൊള്ളലേറ്റ് മരിച്ചത്. ഗ്യാസ് സിലിണ്ടറില് നിന്ന് ഇന്ധനം ചോര്ന്ന് തീപിടിച്ച് മരിച്ചതാകാം എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ഇതിന് പിന്നാലെയാണ് യുവതി എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തുന്നത്. സംഭവത്തില് ജോസ് ഫ്രാങ്ക്ളിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
Content Highlights- Police get important evidence on Neyyatinkara woman death case