കോട്ടയം അയർക്കുന്നത്ത് കാണാതായ ബംഗാൾ സ്വദേശിനിയെ ഭർത്താവ് കൊലപ്പെടുത്തിയതെന്ന് സംശയം

ഭർത്താവ് സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

കോട്ടയം: കോട്ടയം അയർക്കുന്നത്ത് കാണാതായ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയതെന്ന് സംശയം. പശ്ചിമബംഗാൾ സ്വദേശിനി അൽപ്പനയെയാണ് ഭർത്താവ് കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നത്. ഭർത്താവ് സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയർക്കുന്നം ഇളപ്പാനിയിൽ ആണ് സംഭവം.

കഴിഞ്ഞ ദിവസം അൽപ്പനയെ കാണാൻ ഇല്ലെന്ന് പറഞ്ഞ് സോണി പൊലീസിൽ പരാതി നല്‍കിയിരുന്നു. അയർക്കുന്നം സ്റ്റേഷനിലെത്തിയാണ് പരാതി നൽകിയത്. ഭാര്യയെ കാണാൻ ഇല്ലെന്ന് പരാതി നൽകിയ ശേഷം ഇയാൾ നാട്ടിലേക്ക് പോകാൻ ശ്രമിച്ചു. എന്നാല്‍ എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഭാര്യയെ കൊലപ്പെടുത്തിയതായി ഇയാൾ സമ്മതിച്ചതായാണ് വിവരം. എന്നാൽ പൊലീസ് ഇത് പൂർണ വിശ്വാസത്തിൽ എടുത്തിട്ടില്ല. പ്രതി പറഞ്ഞ സ്ഥലം പരിശോധിച്ച ശേഷം മാത്രമേ കൊലപാതകം സ്ഥിരീകരിക്കാൻ കഴിയൂ എന്ന് പൊലീസ് പറഞ്ഞു.

പതിനാലാം തീയതിയാണ് മുർഷിദാബാദ് സ്വദേശിനി അൽപ്പനയെ കാണാതായത്. ഇരുവരും തമ്മിൽ ഏറെക്കാലമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിർമ്മാണ തൊഴിലാളിയായ സോണി ഭാര്യക്ക് ഒപ്പം അയർക്കുന്നത്തായിരുന്നു താമസം. ഇയാൾ നിലവിൽ ജോലി ചെയ്യുന്ന ഒരു വീടിന് സമീപം മൃതദേഹം കുഴിച്ചിട്ടു എന്നാണ് മൊഴി. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞതായാണ് സൂചന.

Content Highlight: Missing woman from Kottayam suspected of being murdered by husband

To advertise here,contact us