അയര്‍ക്കുന്നത്തെ ബംഗാള്‍ സ്വദേശിനിയുടെ കൊലപാതം: കൊലയ്ക്ക് കാരണം ഭാര്യയ്ക്ക് മറ്റൊരാളുമായുളള അടുപ്പമെന്ന് പ്രതി

കൊല നടത്തി അടുത്ത ദിവസം തന്നെ സോണി ഭാര്യ അല്‍പ്പനയെ കാണാനില്ലെന്ന് കാണിച്ച് അയര്‍ക്കുന്നം പൊലീസില്‍ പരാതി നല്‍കിയിരുന്നു

കോട്ടയം: കോട്ടയം അയര്‍ക്കുന്നത്ത് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. പശ്ചിമ ബംഗാള്‍ സ്വദേശി അല്‍പ്പനയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അയര്‍ക്കുന്നം ഇളപ്പാനിയിലെ നിര്‍മാണം നടക്കുന്ന വീട്ടിന് സമീപം നടത്തിയ പരിശോധനയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് സോണിയാണ് യുവതിയെ കൊലപ്പെടുത്തി താന്‍ ജോലി ചെയ്യുന്ന വീടിന്റെ പരിസരത്ത് കുഴിച്ചുമൂടിയത്. സോണിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി കോട്ടയം ഡിവൈഎസ്പി അരുണ്‍ കെ എസ് അറിയിച്ചു.

തലയ്ക്ക് അടിച്ച് കഴുത്തു ഞെരിച്ചാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയത്. കൊലപാതക കാരണം ഭാര്യയ്ക്ക് മറ്റൊരാളുമായുളള അടുപ്പമാണെന്ന് പ്രതി പറഞ്ഞതായാണ് പ്രാഥമിക വിവരം. കൃത്യം നടന്ന ദിവസം ഇതിനെച്ചൊല്ലി മനപ്പൂര്‍വം ഭാര്യയുമായി തര്‍ക്കമുണ്ടാക്കിയ പ്രതി മതിലില്‍ അവരുടെ തലയിടിച്ചു. കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തുകയായിരുന്നു.

ഒക്ടോബര്‍ പതിനാലിന് രാവിലെയായിരുന്നു ക്രൂരകൊലപാതകം നടന്നത്. കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ല. കൊല നടത്തി അടുത്ത ദിവസം തന്നെ സോണി ഭാര്യ അല്‍പ്പനയെ കാണാനില്ലെന്ന് കാണിച്ച് അയര്‍ക്കുന്നം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം നടത്തവെ സംശയം തോന്നിയ പൊലീസ് ഇയാളെ ചോദ്യംചെയ്യുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അന്വേഷണം പ്രതിയിലേക്ക് എത്തിയത്.

ഇളപ്പാനിയിലെ നിര്‍മ്മാണം നടക്കുന്ന വീടിന്റെ പരിസരത്തെ കാട് വൃത്തിയാക്കാന്‍ ഉടമസ്ഥര്‍ സോണിയെ ഏല്‍പ്പിച്ചിരുന്നു. സോണി അല്‍പ്പനയുമായി നിര്‍മാണം നടക്കുന്ന വീട്ടിലേക്ക് എത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ മടങ്ങിപ്പോകുമ്പോള്‍ ഇയാള്‍ തനിച്ചായിരുന്നു. ഇതോടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. തുടര്‍ന്ന് ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.

Content Highlights: Kottayam Ayarkunnam Murder: Accused Sony arrested

To advertise here,contact us