വരുന്നു പെരുമഴ; നാല് ജില്ലകളി‍ൽ ഓറഞ്ച് അലേർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്; മലയോര മേഖലയിൽ മഴ കനത്തു

കോഴിക്കോട് പുതുപ്പാടി, താമരശേരി വനമേഖലയിൽ ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ്.

തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, എറണാകുളം ജില്ലകളിലും ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും യെല്ലോ അലേർട്ടാണ്.

തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള കേരള കർണാടക തീരങ്ങൾക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലക്ക് മുകളിലായി നിലനിന്നിരുന്ന ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി മാറി. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി അടുത്ത 36 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി മാറി ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് മലയോര മേഖലയിൽ അതിശക്തമായ മഴ തുടരുകയാണ്. ഇടുക്കിയിൽ നെടുങ്കണ്ടത്തും കട്ടപ്പനയിലും വീടുകളിൽ വെള്ളം കയറി. നിർത്തിയിട്ട ട്രാവലറും ഓട്ടോയും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. മുല്ലപ്പെരിയാർ ഡാമിന്റെ 13 ഷട്ടറുകളും തുറന്നു. 8000 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.

കോഴിക്കോട് പുതുപ്പാടി, താമരശേരി വനമേഖലയിൽ ശക്തമായ മഴയാണ്. പുതുപ്പാടി മണൽവയൽ പാലത്തിന് മുകളിൽ വെള്ളം കയറി. വെസ്റ്റ് കൈതപ്പൊയിലിൽ ദേശീയ പാതയോരത്തെ കടകളിൽ വെള്ളം കയറി.

Content Highlights: rain updates kerala, four district orange alert

To advertise here,contact us