'ആര്‍എസ്എസ് വേഷം ധരിച്ച് ചോരയില്‍ കുളിച്ച് നിൽക്കുന്ന വിജയ്'; പോസ്റ്ററുമായി ഡിഎംകെ

ഡിഎംകെ ഐടി വിഭാഗം ആണ് ചിത്രം പങ്കുവെച്ചത്

ചെന്നൈ: ടിവികെ നേതാവും നടനുമായ വിജയ്‌യെ ആര്‍എസ്എസ് ഗണ വേഷം അണിയിച്ചുള്ള ചിത്രം പുറത്തിറക്കി ഡിഎംകെ. ആര്‍എസ്എസ് വേഷത്തില്‍ വിജയ് നില്‍ക്കുന്ന പ്രതീകാത്മക ചിത്രമാണ് ഡിഎംകെ പുറത്തിറക്കിയത്. ടിവികെ പതാകയുടെ നിറമുള്ള ഷോള്‍ കഴുത്തില്‍ അണിഞ്ഞ് തിരിഞ്ഞ് നിന്ന് കൈ ഉയര്‍ത്തി നില്‍ക്കുന്ന വിജയ്‌യുടെ ഗ്രാഫിക്‌സ് ചിത്രമാണ് ഡിഎംകെ തയ്യാറാക്കിയത്. ചിത്രത്തില്‍ വിജയ്‌യുടെ ദേഹത്തും കയ്യിലും ചോര കാണാം.

ഡിഎംകെ ഐടി വിഭാഗം ആണ് ചിത്രം പങ്കുവെച്ചത്. വിജയ് കരൂരില്‍ സന്ദര്‍ശനം നടത്താത്തത് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ്. തിരക്കഥ തയ്യാറാകാത്തത് കൊണ്ടാണോ കരൂരില്‍ പോകാത്തതെന്നും ഡിഎംകെ പോസ്റ്ററിനൊപ്പം പങ്കുവെച്ച പോസ്റ്റില്‍ ചോദിക്കുന്നു. വിജയ് മരിച്ചവരുടെ കുടുംബത്തെ അപമാനിക്കുകയാണെന്നും ഡിഎംകെ ഐടി വിഭാഗം എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

'വെറും പബ്ലിസിറ്റിക്ക് വേണ്ടി കരൂരില്‍ ആള്‍ക്കൂട്ടത്തെ ഒരുമിച്ച് കൂട്ടാന്‍ ശ്രമിച്ചതുകൊണ്ടും ഉത്തരവാദിത്തമില്ലാതെ പ്രവര്‍ത്തിച്ചത് കൊണ്ടുമുണ്ടായ ദുരന്തം നടന്നിട്ട് ഇന്നേക്ക് 20 ദിവസമാകുന്നു. അവനെ കാണാന്‍ വന്ന് ജീവന്‍ നഷ്ടമായവരുടെ കുടുംബത്തെ കാണാനോ, അനുശോചനം അറിയിക്കാനോ, ദുരിതാശ്വാസ ഫണ്ട് നല്‍കാനോ അവര്‍ തയ്യാറായില്ല. വഞ്ചനാപരമായ ഈ മൗനം മരിച്ചവരുടെ കുടുംബത്തോടുള്ള അനാദരവാണ്. നിങ്ങള്‍ക്ക് ഇതുവരെ സമയം കിട്ടിയില്ലേ? അതോ തിരക്കഥ തയ്യാറാകാത്തതാണോ? ഈ പാര്‍ട്ടിയുടെ നിഘണ്ടുവില്‍ മനുഷ്യത്വമില്ലാത്തതാണോ? അനുമതി ലഭിച്ചില്ലെന്ന ഒഴിവ് കഴിവ് പറയാനാണോ', ഡിഎംകെ ചോദിച്ചു.

இன்றோடு 20 நாட்கள் ஆகிவிட்டது,ஒரு கட்சி கரூரில் வெற்று விளம்பரத்திற்காக கூட்டம் சேர்க்க வேண்டும் என்ற வெறியில் எந்தப் பொறுப்புணர்வும் இல்லாமல் தற்குறித்தனமாக செயல்பட்டதால் ஒரு பெருந்துயரம் ஏற்பட்டு.அவரைப் பார்க்க வந்து உயிரிழந்த அப்பாவி மக்களின் குடும்பங்களை இன்று வரை நேரில்… pic.twitter.com/MGZ6sWjdWI

അതേസമയം കഴിഞ്ഞ ദിവസം വിജയ് കരൂരിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വിജയ് കരൂര്‍ സന്ദര്‍ശിച്ചിരുന്നില്ല. സിബിഐ അന്വേഷണം ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. സിബിഐ അന്വേഷണത്തെ തടസപ്പെടുത്താന്‍ ഇല്ലെന്നായിരുന്നു ടിവികെയും നേതാക്കള്‍ അറിയിച്ചത്.

സെപ്റ്റംബര്‍ 27നായിരുന്നു കരൂരില്‍ വിജയ്യുടെ റാലിയില്‍ പങ്കെടുക്കാനെത്തിയ 41 പേര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. വിജയ്യെ കാണാന്‍ രാവിലെ മുതല്‍ വലിയ ജനക്കൂട്ടം വേലുചാമിപുരത്ത് തമ്പടിച്ചിരുന്നു. ഉച്ചയ്ക്ക് ഒരുമണിക്കാണ് വിജയ് പരിപാടിക്ക് എത്തേണ്ടിയിരുന്നത്. എന്നാല്‍ ആറ് മണിക്കൂര്‍ വൈകിയാണ് വിജയ് പരിപാടിക്ക് എത്തിയത്. ഇതിനകം തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. വിജയ് പ്രസംഗിച്ച് തുടങ്ങിയതോടെ ആളുകള്‍ കുഴഞ്ഞുവീണു. തുടര്‍ന്ന് വിജയ് പ്രസംഗം അവസാനിപ്പിക്കുകയും ആളുകള്‍ക്ക് കുപ്പി വെള്ളം എറിഞ്ഞുനല്‍കുകയും ചെയ്തു.

ഇതോടെ ആളുകള്‍ കുപ്പിവെള്ളം പിടിക്കാന്‍ തിരക്ക് കൂട്ടുകയും തിക്കിലും തിരക്കിലുംപെടുകയുമായിരുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ വിജയ് സ്ഥലത്തുനിന്ന് മാറി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് കുഴഞ്ഞുവീണവരെ കരൂര്‍ മെഡിക്കല്‍ കോളേജിലും സമീപത്തെ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ആദ്യ ദിവസം 38പേരാണ് മരിച്ചത്. മറ്റുള്ളവരുടെ മരണം പിറ്റേന്നാണ് സ്ഥിരീകരിച്ചത്.

Content Highlights: DMK make image against Vijay on Karur Tragedy

To advertise here,contact us