പത്തനംതിട്ട: യുഡിഎഫ് വിശ്വാസ സംരക്ഷണ യാത്രയുടെ സമാപനദിവസമായ ഇന്നത്തെ പദയാത്രയുടെ ദൂരം വെട്ടിക്കുറച്ചു. എട്ട് കിലോ മീറ്റര് നടക്കാനുള്ള തീരുമാനം മൂന്ന് കിലോ മീറ്ററിലേക്ക് ചുരുക്കുകയായിരുന്നു. കാരക്കാട് നിന്നും ആരംഭിക്കാനിരുന്ന യാത്ര കുളനടയില് നിന്ന് ആരംഭിക്കും. കാലാവസ്ഥാപ്രശ്നങ്ങള് മൂലമാണ് പദയാത്ര ചുരുക്കിയതെന്നാണ് വിശദീകരണം. എന്നാല് ജാഥ ക്യാപ്റ്റനായ കെ മുരളീധരന് സമാപന സമ്മേളനത്തില് നിന്നും പിന്മാറുമെന്ന വിവരം ലഭിച്ചതിന് പിന്നാലെയാണ് ജാഥ വെട്ടിക്കുറച്ചത്.
കെ മുരളീധരനെ അനുനയിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. വ്യക്തിപരമായ കാരണത്താല് പങ്കെടുക്കാന് കഴിയില്ലെന്നാണ് കെ മുരളീധരന് അറിയിച്ചത്. എന്നാല് പുനഃസംഘടനയിലെ അതൃപ്തി കാരണമാണ് കെ മുരളീധരന് പരിപാടിയില് നിന്നും വിട്ടുനില്ക്കാന് തീരുമാനിച്ചതെന്നാണ് വിവരം.
കെപിസിസി പുനഃസംഘടനയില് കെ മുരളീധരന് ന്യൂനപക്ഷ സെല് വൈസ് ചെയര്മാനായ കെ എം ഹാരിസിന്റെ പേര് നിര്ദേശിച്ചിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല. മരിയാപുരം ശ്രീകുമാറിനെ പട്ടികയില് നിന്ന് ഒഴിവാക്കിയതിലും കെ മുരളീധരന് നീരസം ഉണ്ട്.
ഇന്നലെയാണ് നാല് ക്യാപ്റ്റന്മാര് നയിച്ച വിശ്വാസ സംഗമയാത്ര ചെങ്ങന്നൂരില് സംഗമിച്ചത്. കെ മുരളീധരന്, കൊടിക്കുന്നില് സുരേഷ്, അടൂര് പ്രകാശ്, ബെന്നി ബെഹ്നാന് എന്നിവരാണ് ജാഥ ക്യാപ്റ്റന്മാര്. യാത്രയ്ക്ക് ശേഷം കെ മുരളീധരന് ഗുരുവായൂരിലേക്ക് മടങ്ങുകയായിരുന്നു. അവിടെ നിന്നും ഇന്ന് തൃശൂരിലേക്കും തുടര്ന്ന് തിരുവനന്തപുരത്തും എത്തുമെന്നാണ് വിവരം.
Content Highlights: distance of KPCC Vishwas Samrakshana Yatra has been shortened