പോകരുതെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി; അവഗണിച്ച് മുന്നോട്ടുപോയി, കാര്‍ വെള്ളക്കെട്ടില്‍ കുടുങ്ങി

ഒടുവിൽ കാർ ഒഴുകിപ്പോകാതിരിക്കാന്‍ നാട്ടുകാരുടെ സഹായത്തോടെ വടം ഉപയോഗിച്ച് കെട്ടിയിടുകയായിരുന്നു

ഇടുക്കി: ഇടുക്കിയില്‍ തൂക്കുപാലത്ത് നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ച് വെളളക്കെട്ടില്‍ ഇറക്കിയ കാര്‍ പാലത്തിന് നടുവില്‍ കുടുങ്ങി. വെളളം കയറിയ പാലത്തിലൂടെ ഓടിച്ച കാര്‍ പാലത്തിന് നടുവിലെത്തിയപ്പോള്‍ മുന്നോട്ടെടുക്കാനാകാതെ നിന്നുപോവുകയായിരുന്നു.

മുന്നോട്ടുപോകരുതെന്ന നാട്ടുകാരുടെ മുന്നറിയിപ്പ് വകവയ്ക്കാതെ ഡ്രൈവര്‍ കാര്‍ വെളളത്തിലേക്ക് ഓടിച്ചിറക്കുകയായിരുന്നു. സൈലന്‍സറില്‍ വെളളംകയറിയതോടെ വാഹനം നിന്നു. ഇതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി.

ഒടുവിൽ കാർ ഒഴുകിപ്പോകാതിരിക്കാന്‍ നാട്ടുകാരുടെ സഹായത്തോടെ വടം ഉപയോഗിച്ച് കെട്ടിയിടുകയായിരുന്നു. ഇടുക്കിയില്‍ കനത്ത മഴയെത്തുടര്‍ന്ന് പലയിടങ്ങളിലും റോഡുകളില്‍ വെളളക്കെട്ടുണ്ടായിരുന്നു. നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ച് കാര്‍ മുന്നോട്ടെടുക്കുന്നതിന്റെയും പാലത്തിന് നടുവില്‍ കുടുങ്ങുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Content Highlights: Car driven into waterlogging ignoring locals' warnings, gets stuck in the middle of the bridge

To advertise here,contact us