പേരാമ്പ്ര സംഘര്‍ഷം: രണ്ട് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കൾ കസ്റ്റഡിയിൽ

വീടുകളില്‍ പരിശോധന നടത്തിയാണ് കസ്റ്റഡിയില്‍ എടുത്തത്

കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി വിനോദന്‍ കല്ലൂര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മണി പൈതോത്ത് എന്നിവരെയാണ് പേരാമ്പ്ര പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ വീടുകളില്‍ പരിശോധന നടത്തിയാണ് കസ്റ്റഡിയില്‍ എടുത്തത്.

അതേസമയം പേരാമ്പ്ര സംഘര്‍ഷത്തില്‍ സ്ഫോടക വസ്തുവെറിഞ്ഞ കേസില്‍ പൊലീസിനെതിരായ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു. ആറ് ദൃശ്യങ്ങളാണ് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തിനിടെ പുറത്ത് വിട്ടത്. പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തെന്നും എന്നാല്‍ കേസ് എടുക്കാനാവശ്യമായ തെളിവുകളൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

'രണ്ട് കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. ഒന്ന് ഷാഫി പറമ്പില്‍ എംപി ഒന്നാം പ്രതിയും ഞാന്‍ രണ്ടാം പ്രതിയുമായ കേസ്, മറ്റൊന്ന് സ്ഫോടന വസ്തുവെറിഞ്ഞ കേസ്. രണ്ടാമത്തെ എഫ്ഐആറില്‍ ആരുടെയും പേരില്ല. പക്ഷേ ഏഴ് പേരെ അറസ്റ്റ് ചെയ്ത്, അഞ്ച് പേരെ കോടതിയില്‍ ഹാജരാക്കി. ആ പ്രതികള്‍ എവിടെയാണ് സ്ഫോടക വസ്തുവെറിഞ്ഞത്. തെളിവുണ്ടോ? ഫോറന്‍സിക് റിപ്പോര്‍ട്ടുണ്ടോ? സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് കേസെടുത്തത്. അപ്പോഴേക്കും ആയിരങ്ങള്‍ അതിലൂടെ കടന്നുപോയി. മുഖം നഷ്ടപ്പെട്ട സിപിഐഎമ്മിന്റെയും വില കുറഞ്ഞ പൊലീസിന്റെയും മുഖം മിനുക്കലാണ് ഈ അറസ്റ്റ്', പ്രവീണ്‍ കുമാര്‍ പറഞ്ഞു.

ടിയര്‍ ഗ്യാസ് പൊലീസ് എറിയുന്നതും ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുന്നതുമായ ദൃശ്യമാണ് പ്രവീണ്‍ കുമാര്‍ പുറത്ത് വിട്ടത്. പൊലീസ് ഗ്രനേഡ് എറിയുന്നതും ആ പുകയില്‍ പരിഭ്രാന്തരായ ആളുകള്‍ക്കിടയിലേക്ക് പൊലീസിന്റെ ഭാഗത്ത് നിന്ന് സ്ഫോടക വസ്തു വരുന്നതുമായ ദൃശ്യം, ടിയര്‍ ഗ്യാസും ഗ്രനേഡും പൊട്ടിത്തെറിക്കുന്നതിന്റെ മറ്റൊരു ദൃശ്യം, ഡിവൈഎസ്പി ഹരിപ്രസാദിന്റെ ഒരു കയ്യില്‍ ലാത്തിയും ഒരു കയ്യില്‍ ടിയര്‍ ഗ്യാസുമുള്ള ദൃശ്യം എന്നിവയാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടത്. ഗ്രാനേഡിന്റെ പിന്‍ വലിക്കുമ്പോള്‍ എംപിയുണ്ട് അപ്പുറത്ത് എറിയരുതെന്ന് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നത് വീഡിയോയില്‍ കാണാമെന്ന് പ്രവീണ്‍ പറഞ്ഞു.

Content Highlights: Perambra police arrest 2 Congress leaders on Perambra clash

To advertise here,contact us