'ഹേ ശൈ ലജ്ജേ നിങ്ങള്‍ക്കെതിരെ ഈ വിധി'; മട്ടന്നൂര്‍ പോളിയില്‍ കെ കെ ശൈലജക്ക് എതിരെ കെഎസ്‌യു ബാനര്‍

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിനെതിരെ എംഎസ്എഫ് പ്രവര്‍ത്തകരും ബാനര്‍ ഉയര്‍ത്തി പ്രതിഷേധിച്ചു

കണ്ണൂര്‍: പോളിടെക്‌നിക് യൂണിയന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ കെ കെ ശൈലജ എംഎല്‍എയ്‌ക്കെതിരെ കെഎസ്‌യുവിന്റെ ബാനര്‍. മട്ടന്നൂര്‍ പോളി ടെക്‌നിക്കിലാണ് സംഭവം. തെരഞ്ഞെടുപ്പില്‍ യുഡിഎസ്എഫായിരുന്നു വിജയിച്ചത്. ഇതിന് പിന്നാലെയാണ് 'ഹേ ശൈ ലജ്ജേ നിങ്ങള്‍ക്കെതിരെ ഈ വിധി' എന്നെഴുതിയ ബാനര്‍ ഉയര്‍ത്തി കെഎസ്‌യു പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്.

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിനെതിരെ എംഎസ്എഫ് പ്രവര്‍ത്തകരും ബാനര്‍ ഉയര്‍ത്തി പ്രതിഷേധിച്ചു. മലപ്പുറം എസ്എസ്എം പോളിടെക്‌നിക്കിലായിരുന്നു സംഭവം. 'സഞ്ചീവാ നിന്റെ കൊണയടി അങ്ങ് തീര്‍ത്തിട്ടുണ്ട്' എന്നെഴുതിയ ബാനറാണ് എംഎസ്എഫ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്.

ശൈലജക്കെതിരെ ഉയര്‍ന്ന ബാനര്‍ അരാഷ്ട്രീയവും അപക്വവുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. പോളി തെരഞ്ഞെടുപ്പും ശൈലജ ടീച്ചറും തമ്മില്‍ എന്ത് ബന്ധമാണുള്ളതെന്നും ശൈലജ ടീച്ചര്‍ക്കെതിരെ നിങ്ങള്‍ നടത്തുന്ന ഈ അക്രമം എത്ര ബാലിശവും, എത്രത്തോളം ടീച്ചറുടെ ജനകീയത നിങ്ങളെ അലോസരപ്പെടുത്തുന്നു എന്നതിനും തെളിവാണെന്നും സഞ്ജീവ് പറഞ്ഞു. എസ്എഫ്‌ഐ സമാനമായി അധിക്ഷേപ ബാനര്‍ ഇറക്കിയാല്‍ കേരളത്തിലെ യുഡിഎഫ് ജനപ്രതിനിധികള്‍ മതിയാകാതെ വരും. അതുമാത്രമല്ല, സ്‌കൂള്‍ പാര്‍ലമെന്റ്, കണ്ണൂര്‍, കാലിക്കറ്റ്, എം ജി, കേരള, സംസ്‌കൃതം ഉള്‍പ്പടെ ഇവിടങ്ങളിലെ വിജയം കേരളം കണ്ടതാണ്. ജനപ്രതിനിധികള്‍ക്കപ്പുറം ഇന്നലെ പ്രഖ്യാപിച്ച ജംബോ കമ്മിറ്റി പോലും മതിയാകാതെ വരും. ഈ ജീര്‍ണിച്ച രാഷ്ട്രീയം മുഖമുദ്രയായി മാറിയതാണ് പ്രതിപക്ഷത്ത് നിരന്തരമായി ഇരിക്കേണ്ടി വരുന്നതെന്നും പി എസ് സഞ്ജീവ് പറഞ്ഞു.

തങ്ങളുടെ രാഷ്ട്രീയമതല്ല. കൊച്ചുകേരളത്തിലെ ഗ്രാമ-നഗര വ്യത്യാസമില്ലാതെ വിദ്യാലയങ്ങളില്‍ പോലും എസ്എഫ്‌ഐ ഉയര്‍ത്തുന്ന ബാനര്‍ ലോക രാഷ്ട്രീയത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ വിദ്യാര്‍ത്ഥിത്വം എസ്എഫ്‌ഐയോടൊപ്പം അണിനിരക്കുന്നു. കോണ്‍ഗ്രസിന്റെ ഈ പുത്തന്‍ ആക്ഷേപ സംസ്‌കാരം റീല്‍, പീഡന വീരന്മാരുടെ വകയാണെന്ന് ഈ കേരളം തിരിച്ചറിഞ്ഞതുമാണ്. കോൺഗ്രസ് രാഷ്ട്രീയത്തെ വ്യക്തി അധിക്ഷേപത്തിന്റെ വേദിയാക്കി മാറ്റുകയാണ്. വരും ജനവിധി നിങ്ങള്‍ക്ക് എതിരാവും എന്നുറപ്പാണെന്നും സഞ്ജീവ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

Content Highlights- ksu raise banner against k k shailaja in mattannur polytechnic

To advertise here,contact us