പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശിഷപങ്ങളിലെ സ്വർണം പൂശിയ പാളികള് പുനഃസ്ഥാപിച്ചു. അറ്റകുറ്റപ്പണികള്ക്കുശേഷം ചെന്നൈയില് നിന്ന് എത്തിച്ച ദ്വാരപാലക ശില്പങ്ങളുടെ സ്വര്ണപ്പാളികളാണ് പുനഃസ്ഥാപിച്ചത്. തുലാമാസ പൂജകള്ക്കായി ശബരിമല നട തുറന്നതിന് പിന്നാലെയാണ് ശില്പ പാളികള് പുനഃസ്ഥാപിച്ചത്. സാധാരണയായി അഞ്ചുമണിക്ക് തുറക്കുന്ന നട ഇന്ന് നാലുമണിക്കുതന്നെ തുറക്കുകയായിരുന്നു. സ്വര്ണപ്പാളികള് ഘടിപ്പിക്കുന്നതിനായാണ് നട നേരത്തെ തുറന്നത്.
ശബരിമലയില് സ്വര്ണകൊളള വിവാദങ്ങള്ക്കിടെയാണ് മാസ പൂജയ്ക്കായി നട തുറന്നത്. നട തുറന്നതിനുശേഷം സ്വര്ണപ്പാളികൾ ശബരിമല ശ്രീകോവിലിന്റെ മുന്നില് ഇരുവശങ്ങളിലുമുളള ദ്വാരപാലക ശില്പങ്ങളില് സ്വര്ണപ്പാളികള് ഘടിപ്പിക്കുകയായിരുന്നു. ആദ്യം വലതുവശത്തെ ശില്പത്തിലെ പാളിയാണ് ഉറപ്പിച്ചത്. ശേഷം ഇടതുവശത്തെ ശിൽപത്തിലും സ്വർണപ്പാളി ഘടിപ്പിച്ചു. രണ്ട് ദ്വാരപാലക ശില്പങ്ങളിലുമായി 14 സ്വര്ണപ്പാളികളാണ് പുനഃസ്ഥാപിച്ചത്.
ശബരിമല സ്വര്ണക്കൊള്ളയില് സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിയെ എസ്ഐടി കസ്റ്റഡിയില് വിട്ടിരുന്നു. ഈ മാസം 30 വരെയാണ് കസ്റ്റഡി കാലാവധി. റാന്നി ഒന്നാം ക്ലാസ് ജുഡീഷ്യല് മജിസ്ട്രേറ്റാണ് കസ്റ്റഡിയില് വിട്ടത്. രഹസ്യമായായിരുന്നു കോടതി നടപടികൾ. മജിസ്ട്രേറ്റ്, പ്രതി, പ്രോസിക്യൂഷന്, പ്രതിഭാഗം അഭിഭാഷകന്, അന്വേഷണ ഉദ്യോഗസ്ഥര്, കോടതിയിലെ പ്രധാന ജീവനക്കാര് എന്നിവര് മാത്രമാണ് കോടതിക്ക് അകത്തുണ്ടായത്.
ഉണ്ണികൃഷ്ണന് പോറ്റിയുടെ മൊഴിയുടെ കൂടുതല് വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. കട്ടിളപ്പാളിയില് സാമ്പത്തിക ലാഭം ഉണ്ടാക്കാനായില്ലെന്നാണ് ഉണ്ണികൃഷ്ണന് പോറ്റിയുടെ മൊഴി. 'സ്വര്ണ്ണം പൂശി വന്നപ്പോള് സാമ്പത്തിക നഷ്ടമുണ്ടായി. മൂന്ന് ലക്ഷം എനിക്ക് നഷ്ടം വന്നു. പിന്നീട് ദ്വാരപാലക പാളികള് കൊണ്ടുപോയി സ്വര്ണം തട്ടാന് തീരുമാനിച്ചു. ഇതിന് ഉദ്യോഗസ്ഥരുടെ സഹായവും ലഭിച്ചു. സ്വര്ണം ചെമ്പുപാളികളായി എഴുതാന് ഉദ്യോഗസ്ഥര് സഹായിച്ചു'എന്നാണ് ഉണ്ണികൃഷ്ണന് പോറ്റി പറഞ്ഞത്. ഗൂഢാലോചനയില് ഉദ്യോഗസ്ഥര്ക്ക് പങ്കുണ്ടെന്നും സ്വര്ണം ഉദ്യോഗസ്ഥര്ക്ക് വീതിച്ച് നല്കിയെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. പത്ത് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷം ഇന്ന് പുലര്ച്ചെയാണ് ഉണ്ണികൃഷ്ണന് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഉണ്ണികൃഷ്ണന് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Content Highlights: Dwarapalaka sculpture panels restored at Sabarimala