വി എസിന്റെ ഏക സഹോദരി ആഴിക്കുട്ടി അന്തരിച്ചു

വി എസ് അച്യുതാനന്ദന്‍റെ മരണം വാർത്തകളിലൂടെ അറിയിച്ചെങ്കിലും ആഴിക്കുട്ടിക്ക് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല

ആലപ്പുഴ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഏക സഹോദരി പറവൂര്‍ വെന്തലത്തറ വീട്ടില്‍ ആഴിക്കുട്ടി അന്തരിച്ചു. 95 വയസായിരുന്നു. ദീര്‍ഘനാളായി കിടപ്പിലായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. സംസ്‌കാരം ഇന്ന് പുന്നപ്ര പറവൂരിലെ വീട്ടു വളപ്പില്‍ നടക്കും.

വി എസ് അച്യുതാനന്ദന്‍ മരിച്ച ശേഷം വാര്‍ത്തകള്‍ കാണിച്ചിരുന്നെങ്കിലും ആഴിക്കുട്ടിക്ക് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. അസുഖ ബാധിതയായി കിടപ്പിലാകുന്നതിന് മുമ്പ് വി എസിന്റെ വിശേഷങ്ങള്‍ അന്വേഷിക്കുമായിരുന്നു. ഓണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് വി എസ് വെന്തലത്തറയിലെ വീട്ടിലെത്തി ആഴിക്കുട്ടിയെ കാണാറുണ്ടായിരുന്നു. 2019ലാണ് അവസാനമായി വി എസ് ആഴിക്കുട്ടിയെ കാണാനെത്തിയത്.

12 വര്‍ഷം മുമ്പ് മകള്‍ സുശീല മരിച്ചതിനെ തുടര്‍ന്ന് മരുമകന്‍ പരമേശ്വരനും കൊച്ചുമകന്‍ അഖില്‍ വിനായകുമാണ് ആഴിക്കുട്ടിയെ നോക്കിയത്. മറ്റ് രണ്ട് സഹോദരങ്ങളായ ഗംഗാധരനും പുരുഷോത്തമനും നേരത്തെ അന്തരിച്ചിരുന്നു. പരേതനായ ഭാസ്‌കരനാണ് ഭര്‍ത്താവ്. മക്കള്‍: തങ്കമണി, പരേതയായ സുശീല. മരുമക്കള്‍: വിശ്വംഭരന്‍, പരമേശ്വരന്‍

Content Highlights: V S Achuthanandan only sister Azhikutty passes away

To advertise here,contact us