ഹിജാബ് വിവാദം; ഹിജാബ് വേണ്ടെന്ന് സമ്മതപത്രം നൽകണമെന്ന് മാനേജ്‌മെന്റ്; വിദ്യാർത്ഥിനി ഇന്നും സ്‌കൂളിൽ എത്തില്ല

വിഷയത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നാണ് കുട്ടിയുടെ പിതാവ് അറിയിക്കുന്നത്

കൊച്ചി: എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ പ്രശ്‌നപരിഹാരം നീളുന്നു. നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സ്‌കൂള്‍ മാനേജ്‌മെന്റ്. കുട്ടി ഇനിയും ഹിജാബ് ധരിക്കാതെ സ്‌കൂളില്‍ വരുമെന്ന ഉറപ്പ് നല്‍കണമെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റ് മുന്നോട്ടുവെച്ചത്. അങ്ങനെയെങ്കില്‍ കുട്ടിക്ക് സ്‌കൂളില്‍ തുടരാമെന്നാണ് നിലപാട്.

പിന്നാലെ വിഷയത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നാണ് കുട്ടിയുടെ പിതാവ് അറിയിക്കുന്നത്. വിദ്യാര്‍ത്ഥി ഇന്നും സ്‌കൂളിലെത്തില്ല. ആരോഗ്യപ്രശ്‌നങ്ങളെതുടര്‍ന്ന് വിദ്യാര്‍ത്ഥി മൂന്ന് ദിവസത്തേക്ക് അവധിയാണ്. കുട്ടി മാനേജ്‌മെന്റ് നിര്‍ദേശിക്കുന്ന യൂണിഫോം ധരിച്ചെത്താമെന്ന് പിതാവ് ഹൈബി ഈഡന്‍ എംപിയുമായുള്ള സമയവായ ചര്‍ച്ചയ്ക്ക് പിന്നാലെ അറിയിച്ചിരുന്നെങ്കിലും വിദ്യാര്‍ത്ഥിനിക്ക് ശിരോവസ്ത്രം ധരിച്ച് തുടര്‍പഠനത്തിന് സ്‌കൂള്‍ അനുമതി നല്‍കണമെന്ന മന്ത്രിയുടെ പ്രസ്താവനയോടെ വീണ്ടും പ്രതിസന്ധി ഉടലെടുക്കുകയായിരുന്നു.

വിദ്യാഭ്യാസ വകുപ്പ് നിലപാടിനെതിരെ സ്‌കൂള്‍ അധികൃതര്‍ അതൃപ്തി പരസ്യപ്പെടുത്തിയിട്ടുണ്ട്. വിഷയത്തില്‍ സ്‌കൂളിന് വീഴ്ച പറ്റിയിട്ടില്ല എന്നുള്ള വിശദീകരണമാണ് സ്‌കൂള്‍ അധികൃതര്‍ വിദ്യാഭ്യാസ വകുപ്പിന് നല്‍കിയത്. എന്നാല്‍ വിവാദം കനത്തതോടെ സ്‌കൂളിന് ഗുരുതര വീഴ്ച പറ്റി എന്നുള്ള വിമര്‍ശനം മയപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.വിഷയത്തില്‍ സമവായം ആയെങ്കില്‍ അത് നല്ലകാര്യമെന്നും മന്ത്രി പറഞ്ഞു. ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ഇടപെട്ട് പ്രശ്നം തീര്‍ത്തതായി മാധ്യമങ്ങളില്‍ കണ്ടിരുന്നു. അങ്ങനെയെങ്കില്‍ പ്രശ്നം അവിടെവച്ച് തന്നെ തീരട്ടേ. കുട്ടിയുടെ രക്ഷിതാവ് പഴയ നിലപാടില്‍നിന്നും മാറി ശിരോവസ്ത്രമില്ലാതെ കുട്ടിയെ സ്‌കൂളിലയക്കാമെന്നതിലേക്ക് എത്തിയതായാണ് അറിഞ്ഞത്. അതോടെ പ്രശ്നം തീര്‍ന്നുവെന്നും മന്ത്രി പറഞ്ഞു.

Content Highlights: Palluruthy Hijab Controversy; School Management Needs Consent Paper

To advertise here,contact us