'ജീവനൊടുക്കിയ കോട്ടയം സ്വദേശി ഒന്നിലധികം ആര്‍എസ്എസ് ക്യാംപുകളില്‍ പങ്കെടുത്തു': സ്ഥിരീകരിച്ച് പൊലീസ്

ഒസിഡിയ്ക്ക് ചികിത്സിച്ചിരുന്ന രണ്ട് ഡോക്ടര്‍മാരുടെയും കുടുംബാംഗങ്ങളുടെയും മൊഴിയും പൊലീസ് രേഖപ്പെടുത്തി

തിരുവനന്തപുരം: ആര്‍എസ്എസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ജീവനൊടുക്കിയ കോട്ടയം സ്വദേശി ആര്‍എസ്എസിന്റെ ഒന്നിലധികം ക്യാംപുകളില്‍ പങ്കെടുത്തതായി സ്ഥിരീകരിച്ച് പൊലീസ്. ലൈംഗികാതിക്രമം നേരിട്ടതായും ജീവനൊടുക്കുമെന്ന് യുവാവ് പറഞ്ഞിരുന്നതായും സുഹൃത്തുക്കള്‍ പൊലീസിന് മൊഴി നല്‍കി. ഒസിഡിയ്ക്ക് ചികിത്സിച്ചിരുന്ന രണ്ട് ഡോക്ടര്‍മാരുടെയും കുടുംബാംഗങ്ങളുടെയും മൊഴിയും പൊലീസ് രേഖപ്പെടുത്തി.

യുവാവിന്റെ വാട്‌സ്ആപ്പ് ചാറ്റുകളും സിഡിആറും വിശദമായി പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. അതേസമയം, മരണത്തില്‍ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുകയാണ് യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്‌ഐയും. ഇന്ന് രാവിലെ എട്ടുമണിയോടെ കാഞ്ഞിരപ്പളളിയിലെ ഡിവൈഎസ്പിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തും. പത്തരയോടെ യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ചും നടക്കും. തന്നെ പീഡിപ്പിച്ചതായി യുവാവ് പേരെടുത്ത് പറഞ്ഞ നിതീഷ് മുരളീധരനെ അറസ്റ്റ് ചെയ്യണമെന്നാണ് സംഘടനകളുടെ ആവശ്യം.

കഴിഞ്ഞ ദിവസം യുവാവിന്റെ മരണമൊഴി വീഡിയോ പുറത്തുവന്നിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്തുവെച്ചിരുന്ന വീഡിയോ ആണ് പുറത്തുവന്നത്. നിധീഷ് മുരളീധരന്‍ എന്ന ആർഎസ്എസ് പ്രവർത്തകനാണ് തന്നെ പീഡിപ്പിച്ചതെന്നാണ് യുവാവ് വീഡിയോയിൽ പറയുന്നത്. എല്ലാവരും കണ്ണന്‍ ചേട്ടന്‍ എന്നാണ് ഇയാളെ വിളിക്കുന്നത്. തനിക്ക് മൂന്നോ നാലോ വയസ് പ്രായമുള്ളപ്പോള്‍ മുതല്‍ ഇയാള്‍ തന്നെ പീഡിപ്പിച്ചു വന്നു. തനിക്ക് ഒസിഡി വരാനുള്ള കാരണം ചെറുപ്പം മുതല്‍ നേരിടേണ്ടി വന്ന ലൈംഗിക പീഡനമാണെന്നും യുവാവ് വീഡിയോയില്‍ പറയുന്നുണ്ട്.

സെപ്റ്റംബർ പതിനാലിനായിരുന്നു ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കിയത്. കോട്ടയം വഞ്ചിമല സ്വദേശിയാണ് യുവാവ്. മരിക്കുന്നതിന് തൊട്ടുമുന്‍പ് ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു. ഇത് പിന്നീട് പബ്ലിഷ് ആകുകയായിരുന്നു. ശാഖയില്‍വെച്ച് ആര്‍എസ്എസുകാര്‍ പീഡിപ്പിച്ചതായി യുവാവ് ആരോപിച്ചിരുന്നു. നാലുവയസുളളപ്പോള്‍ തന്നെ ആര്‍എസ്എസുകാരനായ ഒരാള്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും ആര്‍എസ്എസ് എന്ന സംഘടനയിലെ പലരില്‍ നിന്നും ലൈംഗിക പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും യുവാവ് പറഞ്ഞിരുന്നു.

Content Highlights: Kottayam youth death attended multiple RSS camp confirms Police

To advertise here,contact us