എഐടിയുസി ജില്ലാ സെക്രട്ടറി മീനാങ്കല്‍ കുമാറിനെ പുറത്താക്കി സിപിഐ

ഇന്ന് എഐടിയുസി ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ മീനാങ്കലിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ തീരുമാനമെടുക്കും

തിരുവനന്തപുരം: എഐടിയുസിയുടെ ജില്ലാ സെക്രട്ടറിയായ മീനാങ്കല്‍ കുമാറിനെ പുറത്താക്കി സിപിഐ നേതൃത്വം. പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ അംഗമായിരുന്നു മീനാങ്കല്‍. സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തിന് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാനാണ് പാര്‍ട്ടി തീരുമാനം. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി എസ് ഷൗക്കത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കൗണ്‍സിലാണ് തീരുമാനമെടുത്തത്. ദേശീയ കൗണ്‍സില്‍ അംഗം ജി ആര്‍ അനില്‍, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ തുടങ്ങിയവരും പങ്കെടുത്തു.

മീനാങ്കല്‍ കുമാര്‍ വൈഎംസിഎ ഹാളില്‍ തൊഴിലാളികളുടെ സമാന്തരയോഗം വിളിച്ചിരുന്നു. തുടര്‍ന്നാണ് മീനാങ്കലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ഇന്ന് എഐടിയുസി ജില്ലാ കൗണ്‍സില്‍ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ മീനാങ്കല്‍ കുമാറിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ തീരുമാനമെടുക്കും. കഴിഞ്ഞ സമ്മേളനത്തില്‍ സിപിഐ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് മീനാങ്കലിനെ ഓഴിവാക്കിയിരുന്നു.

മീനാങ്കല്‍ കുമാറിന്റെ നേതൃത്വത്തില്‍ മീനങ്കലില്‍ സ്ഥാപിച്ച ചാരിറ്റബിള്‍ ട്രസ്റ്റിനെയും സിപിഐയെയും ഒരുപോലെയാണ് കാണുന്നതെന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം വിവാദമായിരുന്നു. ഇതിന് പിന്നാലെ സിപിഐ കാരണംകാണിക്കല്‍ നോട്ടീസ് അയച്ചു. എഐടിയുസിയില്‍ വിഭാഗീയത പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമിച്ചു എന്ന തരത്തില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാനും അദ്ദേഹത്തിന്റെ ഈ പരാമര്‍ശം കാരണമായി.

Content Highlights: CPI expels AITUC district secretary Meenangal Kumar

To advertise here,contact us