ആര്‍എസ്എസിനെതിരായ യുവാവിന്റെ മരണമൊഴി: സമഗ്ര അന്വേഷണം വേണം; സംഘപരിവാര്‍ ഭീകരതയെ ഒറ്റക്കെട്ടായി ചെറുക്കണം: SFI

'വെള്ളയും കാവിയും കുറുവടിയും ദണ്ഡയുമായി തെരുവുകളിൽ കവാത്ത് നടത്തുന്ന ആർഎസ്എസുകാർ ശാരീരിക മാനസിക ചൂഷണത്തിന്റെ പര്യായമാണ്'

കോട്ടയം; ആര്‍എസ്എസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ജീവനൊടുക്കിയ യുവാവിന്റെ മരണമൊഴി വീഡിയോ പുറത്തുവന്നതിന് പിന്നാലെ സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്ഐ. സംഘപരിവാർ ഭീകരരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്ന് എസ്എഫ്ഐ പറഞ്ഞു. കോട്ടയം സ്വദേശിയായ യുവാവ് ആർഎസ്എസ് ശാഖയിൽ ബാല്യം മുതൽ തനിക്ക് ഏറ്റുവാങ്ങേണ്ടി വന്ന ലൈംഗിക പീഡനങ്ങൾ കുറിച്ച് വെച്ച് ആത്മഹത്യ ചെയ്തത് പൊതുസമൂഹം അത്യന്തം ഗൗരവത്തോടെ കാണേണ്ടതാണ്. സംഘപരിവാർ ഭീകരതയെ ഒറ്റക്കെട്ടോടെ ചെറുക്കേണ്ടതാണെന്നും എസ്എഫ്ഐ വ്യക്തമാക്കി.

യുവാവിന്റെ ആത്മഹത്യ രാജ്യത്തെമ്പാടുമുള്ള ആർഎസ്എസ് ശാഖകളിൽ നടക്കുന്ന നെറികെട്ട ക്രൂരതകളുടെയും ലൈംഗികാതിക്രമങ്ങളുടെയും മലയാളിക്ക് കാണുവാൻ സാധിക്കുന്ന നേരിട്ടുള്ള അനുഭവമാണെന്നും എസ്എഫ്ഐ പറഞ്ഞു. നാല് വയസുമുതൽ ആർഎസ്എസ് ശാഖയിൽവെച്ച് താൻ ലൈം​ഗിക ചൂഷണത്തിനിരയായെന്നും വർഷങ്ങളോളം ആർഎസ്എസിൽ പ്രവർത്തിച്ച തനിക്ക് ഇത്രയും വെറുപ്പുള്ള മറ്റൊരു സംഘടനയില്ലെന്നും അത്രയ്ക്ക് വിഷംകൊണ്ട് നടക്കുന്നവരായ ആർഎസ്എസുകാരെ ജീവിതത്തിൽ ഒരിക്കലും ഒരു സുഹൃത്താക്കരുത് എന്നും അനന്തുവിന്റെ അവസാന കുറിപ്പിൽ രേഖപ്പെടുത്തുന്നു. ചെറിയ കുട്ടികളെ പോലും അച്ചടക്കത്തിന്റെയും ചിട്ടയായ ജീവിതത്തിന്റെയും കാപട്യം പറഞ്ഞ് വഞ്ചിച്ച് ചൂഷണം ചെയ്യുന്ന ആർ എസ് എസ് ശാഖകളെ നമ്മുടെ സാമീപ്യത്തിൽ നിന്ന് അകറ്റിപായിക്കണമെന്നും എസ്എഫ്ഐ പറഞ്ഞു.

യുവാവിനെ പോലെ നിരവധിയായവർ ഇപ്പോഴും ചൂഷണത്തിന് ഇരയാകുന്നുണ്ട് എന്ന വെളിപ്പെടുത്തൽ ഈ സംഭവത്തിന്റെ അതീവ ഗൗരവത്തെ ചൂണ്ടി കാണിക്കുന്നതാണ്. വെള്ളയും കാവിയും കുറുവടിയും ദണ്ഡയുമായി തെരുവുകളിൽ കവാത്ത് നടത്തുന്ന ആർഎസ്എസുകാർ ശാരീരിക മാനസിക ചൂഷണത്തിന്റെ പര്യായമാണ്. മനുഷ്യനെ മനുഷ്യനായി കാണാത്ത പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളായ ആർഎസ്എസിന്റെ സമീപനത്തെ തിരിച്ചറിയുവാനും അകറ്റിനിർത്തുവാനും വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും അടക്കം മുഴുവൻ മനുഷ്യർക്കും സാധിക്കേണ്ടതുണ്ടെന്നും എസ്എഫ്ഐ പറഞ്ഞു.

സംഘപരിവാറിന്റെ ചൂഷണങ്ങളുടെ ഇരയായ യുവാവിന്റെ ആത്മഹത്യയിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും വർഗീയവാദികളും കൊടും കുറ്റവാളികളുമായ സംഘപരിവാരത്തെ വിദ്യാർത്ഥികളിൽ നിന്ന് അകറ്റിനിർത്തുവാൻ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആവശ്യമായ ജാഗ്രത പുലർത്തി ഇടപെടലുകൾ നടത്തണമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദും, സെക്രട്ടറി പി എസ് സഞ്ജീവും പ്രസ്താവനയിലൂടെ അറിയിച്ചു.

ഇന്ന് വൈകിട്ടായിരുന്നു യുവാവ് ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്തുവെച്ചിരുന്ന വീഡിയോ പുറത്തുവന്നത്. വീഡിയോയില്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പേര് യുവാവ് പറയുന്നുണ്ട്. നിധീഷ് മുരളീധരന്‍ എന്ന പ്രവര്‍ത്തകനാണ് പീഡിപ്പിച്ചതെന്നാണ് യുവാവ് പറയുന്നത്. എല്ലാവരും കണ്ണന്‍ ചേട്ടന്‍ എന്നാണ് ഇയാളെ വിളിക്കുന്നത്. തനിക്ക് മൂന്നോ നാലോ വയസ് പ്രായമുള്ളപ്പോള്‍ മുതല്‍ ഇയാള്‍ തന്നെ പീഡിപ്പിച്ചു വന്നു. തനിക്ക് ഒസിഡി വരാനുള്ള കാരണം ചെറുപ്പം മുതല്‍ നേരിടേണ്ടി വന്ന ലൈംഗിക പീഡനമാണെന്നും യുവാവ് വീഡിയോയില്‍ പറഞ്ഞിരുന്നു.

സെപ്റ്റംബർ പതിനാലിനായിരുന്നു ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കിയത്. കോട്ടയം വഞ്ചിമല സ്വദേശിയാണ് യുവാവ്. മരിക്കുന്നതിന് തൊട്ടുമുന്‍പ് ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു. ഇത് പിന്നീട് പബ്ലിഷ് ആകുകയായിരുന്നു. ശാഖയില്‍വെച്ച് ആര്‍എസ്എസുകാര്‍ പീഡിപ്പിച്ചതായി യുവാവ് ആരോപിച്ചിരുന്നു. നാലുവയസുളളപ്പോള്‍ തന്നെ ആര്‍എസ്എസുകാരനായ ഒരാള്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും ആര്‍എസ്എസ് എന്ന സംഘടനയിലെ പലരില്‍ നിന്നും ലൈംഗിക പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും യുവാവ് പറഞ്ഞിരുന്നു.

തന്നെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയ ആള്‍ മൂലം ഒസിഡി (ഒബ്‌സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍) ഉണ്ടായെന്നും പാനിക് അറ്റാക്ക് ഉണ്ടായെന്നും യുവാവ് പറഞ്ഞു. തനിക്ക് ജീവിതത്തില്‍ ഇത്രയധികം വെറുപ്പുളള മറ്റൊരു സംഘടനയില്ലെന്നും ജീവിതത്തില്‍ ഒരിക്കലും ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ സുഹൃത്താക്കരുതെന്നും യുവാവ് വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. യുവാവിന്റെ കുറിപ്പ് മരണമൊഴിയായി കണ്ട് കേസെടുക്കണമെന്നായിരുന്നു ഡിവൈഎഫ്ഐയുടെ ആവശ്യം. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് എലിക്കുളം മണ്ഡലം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു.

Content Highlight : SFI demand detailed investigation over death of youth who wrote letter against rss

To advertise here,contact us