പാലക്കാട്: പിരായിരിയിൽ പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ വഴി തടഞ്ഞ സംഭവത്തിൽ കേസ് എടുത്ത് പൊലീസ്. രാഹുൽ മാങ്കൂട്ടലിന്റെ പരാതിയിൽ ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. അന്യായമായി സംഘം ചേർന്ന് വഴി തടഞ്ഞ് വാഹനത്തിന് കേടുപാട് വരുത്താൻ ശ്രമിച്ചെന്നാണ് കേസ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് നോർത്ത് പൊലീസ് അറിയിച്ചു.
ലൈംഗികാതിക്രമ വിവാദത്തിന് പിന്നാലെ പൊതുപരിപാടികളിൽ നിന്ന് വിട്ടുനിന്നിരുന്ന രാഹുൽ, മണ്ഡലത്തിൽ സജീവമാകാനുള്ള നീക്കത്തിലാണ്. ഇതിനിടെയാണ് പിരായിരിയിൽ എംഎൽഎയുടെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച റോഡ് ഉദ്ഘാടനത്തിനായി രാഹുൽ എത്തിയത്. എന്നാൽ ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രാഹുലിനെ വഴി തടയുകയും കരിങ്കൊടി കാണിക്കുകയുമായിരുന്നു. ഗോ ബാക്ക് വിളികളും കൂക്കി വിളികളുമായി പ്രതിഷേധക്കാർ രാഹുലെത്തിയ വാഹനം തടഞ്ഞിരുന്നു. പ്രതിഷേധത്തെ വകവെക്കാതെ പുറത്തിറങ്ങിയ രാഹുലിന് യുഡിഎഫ് പ്രവർത്തകർ പ്രതിരോധം തീർത്തു. റോഡ് ഉദ്ഘാടനം ചെയ്ത രാഹുൽ പ്രദേശത്തെ വീടുകളിൽ കയറി സാസാരിക്കുകയും ചെയ്തിരുന്നു.
രാഹുൽ മണ്ഡലത്തിലെ പൊതു പരിപാടിയിലെത്തിയാൽ തടയുമെന്ന് ഡിവൈഎഫ്ഐയും ബിജെപിയും അറിയിച്ചിരുന്നു. ഭീഷണിയെ വെല്ലുവിളിച്ച് രാഹുലിന്റെ ചിത്രമടക്കമുള്ള ഫ്ളക്സുകളും പോസ്റ്ററുകളും വെച്ച് പരമാവധി പ്രചാരണം നൽകിയാണ് പരിപാടി യുഡിഎഫ് സംഘടിപ്പിച്ചിരുന്നത്.
Content Highlights: Police register case in Rahul Mamkootathil MLA's roadblock incident at palakkad