കല്ലടിക്കോട് യുവാക്കളുടെ മരണം; ബിനു നിതിന്‍റെ വീട്ടിലെത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തിൽ, തോക്കിന് ലെെസൻസില്ല

വീട്ടിൽ വെച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി

പാലക്കാട്: കല്ലടിക്കോട് രണ്ടുപേരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതിൽ നിർണായക വിവരങ്ങൾ പുറത്ത്. കല്ലടിക്കോട് മൂന്നേക്കർ മരുതുംകാട് സ്വദേശികളായ ബിനുവിനെയും നിതിനെയും കഴിഞ്ഞ ദിവമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.നിതിനെ വെടിവെച്ച ബിനു സ്വയം വെടിയുതിർത്തതാകാമെന്ന് ഇന്നലെ തന്നെ പൊലീസ് സംശയം പ്രകടിപ്പിച്ചിരുന്നു. ബിനു ഉപയോഗിച്ചത് ലെെസൻസ് ഇല്ലാത്ത തോക്കാണെന്ന് കണ്ടെത്തി. ഇയാൾ വേട്ടയ്ക്കായി ഇത് ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്. ബിനുവിന്റെ പക്കൽ നിന്ന് 15 വെടിയുണ്ടകൾ കണ്ടെത്തിയിട്ടുണ്ട്.

നിതിന്റെ കുടുംബത്തെ കുറിച്ച് ബിനു മോശമായി സംസാരിച്ചതാണ് പ്രകോപനമായതെന്നാണ് വിവരം. കൊല്ലണമെന്ന ഉദ്ദേശത്തോടെ ബിനു തോക്കുമായി നിതിന്‍റെ വീട്ടിലേക്ക് പോയി. വീട്ടിൽ വെച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. നിതിൻ കത്തിയെടുത്ത് കുത്താൻ വന്നതോടെ ബിനു വെടിവെക്കുകയായിരുന്നുവെന്നാണ് സൂചന. യുവാക്കളുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം.

കല്ലടിക്കോട് മൂന്നേക്കർ മരുതുംകാട് സ്വദേശികളായ ബിനുവിനെയും നിതിനെയും കഴിഞ്ഞ ദിവമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. ബിനു കഴിഞ്ഞ ദിവസം മോശമായി സംസാരിച്ചെന്ന് മകൻ പറഞ്ഞതായി നിതിൻ്റെ അമ്മ ഷൈല പറഞ്ഞിരുന്നു.

മോശമായി എന്താണ് പറഞ്ഞതെന്ന് മാത്രം നിതിൻ തന്നോട് പറഞ്ഞില്ല. നിതിൻ ഒരു അഭിമുഖത്തിന് പോകാൻ ഇരിക്കുകയായിരുന്നു. വൈകിട്ട് മകൻ കൊല്ലപ്പെട്ടു എന്നാണ് അറിയുന്നതെന്നും ഷൈല പൊലീസിനോട് പറഞ്ഞിരുന്നു.

പ്രദേശവാസികളാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. നിതിനെ വീടിനുള്ളിലും ബിനുവിനെ വീടിനു സമീപത്തെ റോഡിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബിനുവിൻ്റെ മൃതദേഹത്തിന് അരികിൽ നാടൻ തോക്കും പൊലീസ് കണ്ടെത്തിയിരുന്നു. ഇരുവരും കൂലിപ്പണിക്കാരാണെന്നും യുവാക്കൾ തമ്മിൽ തർക്കം ഉള്ളതായി അറിയില്ലെന്നും സമീപവാസികൾ പറഞ്ഞു.

Content Highlights: kalladikodu youth death case updates

To advertise here,contact us