പേരാമ്പ്രയിൽ പൊലീസിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞതിൽ അഞ്ച് യുഡിഎഫ് പ്രവർത്തകർ കസ്റ്റഡിയിൽ

കൂടുതൽ അറസ്റ്റിലേക്ക് കടക്കാനാണ് പൊലീസിന്‍റെ തീരുമാനം

പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ സംഘർഷത്തിനിടെ പൊലീസിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ അഞ്ച് യുഡിഎഫ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. പൊലീസിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത് തങ്ങളല്ലെന്നും പൊലീസ് തന്നെയാണ് അത് ചെയ്തതെന്നുമുള്ള യുഡിഎഫ് വാദം ഉയരുന്നതിന് പിന്നാലെയാണ് കസ്റ്റഡിയിലേക്ക് നീങ്ങുന്നത്.

700ഓളം ആളുകൾ ഉൾപ്പെടുന്ന യുഡിഎഫിന്റെ 'ന്യായവിരുദ്ധ' ജനക്കൂട്ടത്തിനിടയിൽനിന്നു സ്‌ഫോടക വസ്തുക്കൾ എറിഞ്ഞ് പൊലീസുകാരുടെ ജീവൻ അപായപ്പെടുത്താനും കൃത്യനിർവഹണം തടസപ്പെടുത്താനും ശ്രമിച്ചെന്ന് ആരോപിച്ച് യുഡിഎഫ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സ്‌ഫോടക വസ്തു എറിഞ്ഞത് 'യുഡിഎഫ് ജനവിരുദ്ധകൂട്ട'ത്തിൽനിന്നാണെന്നായിരുന്നു എഫ്ഐആറിലെ പരാമർശം. സംഘർഷത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ചായിരുന്നു പൊലീസിന്റെ നടപടി. യുഡിഎഫ് പ്രവര്‍ത്തകരുടെ ഇടയില്‍ നിന്ന് ഒരാള്‍ സ്‌ഫോടക വസ്തു വലിച്ചെറിയുന്നതായും പൊലീസ് ഉദ്യോഗസ്ഥരുടെ ഇടയില്‍ വീണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചതായും ദൃശ്യത്തിൽ കണ്ടെത്തുകയായിരുന്നു.ദൃശ്യം പുറത്ത് വന്നതോടെ സ്‌ഫോടനം നടന്നുവെന്ന് ആരോപിച്ച് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം എസ് കെ സജീഷ് ആരോപണമുന്നയിച്ചിരുന്നു.

പിന്നാലെ ഫോറന്‍സിക് സംഘവും പൊലീസും പേരാമ്പ്രയില്‍ പരിശോധന നടത്തിയിരുന്നു. ഡിവൈഎസ്പി എന്‍ സുനില്‍കുമാര്‍, പി ജംഷീദ് എന്നിവരുടെ നേതൃത്വത്തിലാണ് പേരാമ്പ്ര മെയിന്‍ റോഡില്‍ പരിശോധന നടത്തിയത്. സംഘര്‍ഷത്തിനിടയില്‍ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ഒട്ടേറെതവണ ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പൊലീസ് പ്രയോഗിച്ചിരുന്നു. അതുകൊണ്ട് തന്നെ സ്‌ഫോടനം എങ്ങനെയെന്നതില്‍ വ്യക്തമായിരുന്നില്ല. ദൃശ്യങ്ങള്‍ വന്നതിന് പിന്നാലെയാണ് സ്‌ഫോടനത്തില്‍ വ്യക്തത വന്നത്. സംഭവവുമായി ബന്ധപ്പെട്ട് പേരാമ്പ്ര ഇന്‍സ്‌പെക്ടറും പരാതി നൽകിയിരുന്നു.

പേരാമ്പ്ര സികെജി ഗവൺമെൻറ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തുടർ സംഘർഷങ്ങൾക്കിടെയായിരുന്നു സംഭവം. യുഡിഎഫ്- സിപിഐഎം പ്രതിഷേധ പ്രകടനത്തിനിടെ സംഘർഷം ഉടലെടുക്കുകയും പിന്നാലെ പൊലീസ് ലാത്തി വീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. ഈ സംഘർഷത്തിനിടെ സ്ഫോടക വസ്തു എറിഞ്ഞുവെന്നാണ് പരാതി. സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഡിവൈഎസ്പി ഉള്‍പ്പെടെ പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു

സംഘർഷത്തിൽ ഷാഫി പറമ്പിലിന് പുറമെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ ഉൾപ്പടെ എട്ട് യുഡിഎഫ് നേതാക്കൾക്കെതിരെയും കണ്ടാലറിയാവുന്ന 692 പേർക്കെതിരെയും നേരത്തെ പൊലീസ് കേസെടുത്തിരുന്നു.

ഗതാഗത തടസം സൃഷ്ടിച്ചു, മാരകായുധങ്ങൾ ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാണ് എഫ്‌ഐആര്‍. സംഘർഷത്തിൽ സിപിഐഎം നേതാക്കളായ കെ സുനിൽ, കെ കെ രാജൻ എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന 492 സിപിഐഎം പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഘർഷത്തിൽ രണ്ട് എഫ്‌ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരുന്നത്.

Content Highlights: Five people have been taken into custody after an explosive device was thrown at police in Perambra

To advertise here,contact us