'അടി ഉണ്ടായാൽ ലീഗുകാരെ പിടിച്ച് മുന്നിലിട്ട് കോൺഗ്രസ് ഓടും,ലീഗിന്റെ തലയിൽ കഴിഞ്ഞുകൂടുന്ന പാർട്ടിയാണ് കോൺഗ്രസ്'

കോണ്‍ഗ്രസ് നാടിന് ശാപമാണെന്നും കോണ്‍ഗ്രസിനെ താങ്ങി നടക്കണോ എന്ന് ലീഗ് പരിശോധിക്കണമെന്നും ഇ പി ജയരാജൻ പറഞ്ഞു

കോഴിക്കോട്: കോണ്‍ഗ്രസ് നാടിന് ശാപമാണെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജന്‍. മുസ്‌ലീം ലീഗിന്റെ തലയില്‍ കഴിഞ്ഞുകൂടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അടിയുണ്ടായാല്‍ ലീഗുകാരെ പിടിച്ച് മുന്നിലിട്ട് കോണ്‍ഗ്രസുകാര്‍ ഓടുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസിനെ താങ്ങിനിര്‍ത്തണോ എന്ന് ലീഗ് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

'കോണ്‍ഗ്രസ് ഏതെങ്കിലും ഒരു മണ്ഡലത്തില്‍ ഒറ്റയ്ക്ക് ജയിക്കുമോ? മുസ്‌ലീം ലീഗ് സഹായിക്കുന്നതാണ്. ലീഗിന്റെ തലയില്‍ കഴിഞ്ഞുകൂടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അവിടെ നെഞ്ചുന്തി നടക്കാന്‍ മാത്രം ഇല്ലെന്ന് നേതാക്കള്‍ മനസിലാക്കണം. എന്തും പ്രചരിപ്പിക്കാന്‍ മടിയില്ലാത്ത പാര്‍ട്ടിയാണ്. മൂക്കും തലയും കൈയും കാലും പൊട്ടിയെന്ന് പ്രചരിപ്പിക്കും. കോണ്‍ഗ്രസിനകത്ത് കുറേ ഭീരുക്കളുണ്ട്. അടി ഉണ്ടായാല്‍ കോണ്‍ഗ്രസ് ഓടും. പിന്നെ ലീഗുകാരെ പിടിച്ച് മുന്നിലിടും. കമ്മ്യൂണിസ്റ്റും ലീഗും തമ്മിലടിക്കും. അതായിരുന്നു ഉദ്ദേശം. കോണ്‍ഗ്രസിനെ താങ്ങി നടക്കണോ എന്ന് ലീഗ് പരിശോധിക്കണം': ഇ പി ജയരാജന്‍ പറഞ്ഞു.

എല്ലാത്തിനെയും പൊളിക്കാന്‍ നോക്കുന്നയാളാണ് പ്രതിപക്ഷ നേതാവെന്നും അയ്യപ്പസംഗമം പൊളിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്നും ഇ പി ജയരാജന്‍ ആരോപിച്ചു. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ഉപയോഗിച്ചാണ് അയ്യപ്പസംഗമം പൊളിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചതെന്നും വിശ്വാസികള്‍ ഇങ്ങോട്ടുവരാതെ തിരിച്ചയക്കാനാണ് കോണ്‍ഗ്രസ് ആന്ധ്രയിലും തെലങ്കാനയിലും സത്യാഗ്രഹം നടത്തുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് ഈ നാട് വികസിക്കരുത് എന്നത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കെ സി വേണുഗോപാല്‍ ആരെ കണ്ടിട്ടാണ് പൊലീസുകാരുടെ കാക്കി അഴിപ്പിക്കും എന്ന് പറയുന്നതെന്നും ഇ പി ജയരാജന്‍ ചോദിച്ചു. 'ഒന്നുമില്ലെങ്കില്‍ കുറച്ചുകാലമായില്ലേ ഡല്‍ഹിയില്‍. ചെറിയ നിലവാരം എങ്കിലും പുലര്‍ത്തണ്ടേ? ആറുമാസം കഴിഞ്ഞാല്‍ എന്ത് ഉലക്ക ആണ് ഉണ്ടാകാന്‍ പോകുന്നത്? ബിജെപിയെ ജയിപ്പിക്കാന്‍ നടക്കുകയാണ്. ബിഹാറില്‍ പൊട്ടും. ഡല്‍ഹിയില്‍ ബിജെപിയെ സഹായിക്കുകയാണ്. വരുന്ന ആറുമാസം കെ സി വേണുഗോപാല്‍ തന്നെ പാര്‍ട്ടിയില്‍ ഉണ്ടാകുമോ എന്ന് അറിയില്ല': ഇപി ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസ് വൃത്തികെട്ടവന്മാരെ ചുമക്കുകയാണെന്നും പാര്‍ട്ടി പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തിലിന് പാലക്കാട് ബഹുജന സ്വീകരണം നല്‍കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: EP Jayarajan Criticize Congress and KC Venugopal

To advertise here,contact us