കെ ജെ ഷൈനെതിരായ സൈബർ ആക്രമണം; കോൺഗ്രസ് പ്രാദേശിക നേതാവ് സി കെ ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

ഒന്നാം പ്രതിയായ സി കെ ഗോപാലകൃഷ്ണൻ പൊലീസ് കേസ് എടുത്തതിന് പിന്നാലെ ഒളിവിൽ പോയിരുന്നു

കൊച്ചി: സിപിഐഎം നേതാവ് കെ ജെ ഷൈനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവ് സി കെ ഗോപാലകൃഷ്ണൻ അറസ്റ്റിൽ. ഇന്ന് ഉച്ചയോടെ ആലുവ സൈബർ പൊലീസ് സ്റ്റേഷനിൽ ഹാജരായ ഗോപാലകൃഷ്ണനെ ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു. തൻ്റെ എഫ്ബി പോസ്റ്റിലൂടെ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നാണ് ഗോപാലകൃഷ്ണന്റെ മൊഴി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ജില്ലാ കോടതി ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയിരുന്നു.

ഒന്നാം പ്രതിയായ സി കെ ഗോപാലകൃഷ്ണൻ പൊലീസ് കേസ് എടുത്തതിന് പിന്നാലെ ഒളിവിൽ പോയിരുന്നു. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇയാളുടെ മൊബൈൽ ഫോൺ പ്രത്യേക അന്വേഷകസംഘം പിടിച്ചെടുത്തിരുന്നു. അപവാദ പ്രചാരണം നടത്തിയ ​ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് അക്കൗണ്ട് മെറ്റ നീക്കുകയും ചെയ്തു. അക്കൗണ്ട് നീക്കണമെന്നാവശ്യപ്പെട്ട് അന്വേഷകസംഘം മെറ്റയ്ക്ക് കത്ത് നൽകിയതിന് പിന്നാലെയായിരുന്നു നടപടി.കേസിൽ രണ്ടാം പ്രതിയായ കെ എം ഷാജഹാനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് ഷാജഹാനെ കസ്റ്റഡിയിലെടുത്തത്.

Content Highlight : Cyber ​​attack against KJ Shine; Congress local leader CK Gopalakrishnan arrested

To advertise here,contact us