പാലക്കാട്: പാലക്കാട് കല്ലടിക്കോടിൽ രണ്ട് യുവാക്കൾ വെടിയേറ്റ് മരിച്ചതിൽ ദുരൂഹത. ഇരുവരും തമ്മിൽ പരിചയക്കാരാണെന്നും നിതിനെ വെടിവെച്ചതിനുശേഷം ബിനു ജീവനൊടുക്കിയതാകാമെന്നാണ് നിഗമനമെന്നും സംഭവസ്ഥലത്തെത്തിയ ജില്ലാ പൊലീസ് മേധാവി അജിത് കുമാർ പറഞ്ഞു. മരിച്ച നിലയിൽ കണ്ടെത്തുന്നതിന്റെ രണ്ട് മണിക്കൂർ മുമ്പ് വരെ ഇരുവരും ഒരുമിച്ച് ഉണ്ടായിരുന്നുവെന്നും ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുകയുള്ളൂവെന്നും പൊലീസ് പറയുന്നു.
ബിനു കഴിഞ്ഞ ദിവസം മോശമായി സംസാരിച്ചുവെന്ന് മകൻ പറഞ്ഞതായി നിതിൻ്റെ അമ്മ ഷൈല പറയുന്നു. മോശമായി എന്താണ് പറഞ്ഞതെന്ന് മാത്രം നിതിൻ തന്നോട് പറഞ്ഞില്ല. നിതിൻ ഇന്ന് ഒരു അഭിമുഖത്തിന് പോകാൻ ഇരിക്കുകയായിരുന്നു. വൈകീട്ട് മകൻ കൊല്ലപ്പെട്ടു എന്നാണ് അറിയുന്നതെന്നും ഷൈല പൊലീസിനോട് പറഞ്ഞു
ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് പാലക്കാട് കല്ലടിക്കോടിൽ രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നേക്കർ മരുതംകാട് സ്വദേശി ബിനു (45)വിനെയും കല്ലടിക്കോട് സ്വദേശി നിതിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശവാസികളാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. നിതിനെ വീടിനുള്ളിലും ബിനുവിനെ വീടിനു സമീപത്തെ റോഡിലുമാണ് മരിച്ച നിലയില് കണ്ടെത്തിയത്. ബിനുവിൻ്റെ മൃതദേഹത്തിന് അരികിൽ നാടൻ തോക്കും പൊലീസ് കണ്ടെത്തിയിരുന്നു. ഇരുവരും കൂലിപ്പണിക്കാരാണെന്നും യുവാക്കൾ തമ്മിൽ തർക്കം ഉള്ളതായി അറിയില്ലെന്നും സമീപവാസികൾ പറഞ്ഞു.
Content Highlight : Two youths shot dead in Palakkad; Police say they knew each other