തലശേരി: കണ്ണൂർ നിടിയേങ്ങ കക്കണംപാറയിൽ ഇടിമിന്നലേറ്റ് രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. ചെങ്കൽ ക്വാറിയിൽ ജോലി ചെയ്യുന്നതിനിടെയാണ് അസം സ്വദേശികളായ മൂന്ന് പേർക്ക് ഇടിമിന്നലേറ്റത്. ഇവരെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല. ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അതിനിടെ മലപ്പുറം കൊണ്ടോട്ടിയിലും രണ്ടു പേർക്ക് ഇടി മിന്നലേറ്റു. എക്കാപറമ്പിൽ കെട്ടിടനിർമാണത്തിനിടെ കിഴിശ്ശേരി സ്വദേശികൾക്കാണ് മിന്നലേറ്റത്. പരിക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിറാജുദ്ദീൻ (40), അബ്ദുൽ റഫീഖ്(38) എന്നിവർക്കാണ് ഇടിമിന്നലേറ്റത്. സിറാജുദ്ദീന്റെ പരിക്ക് ഗുരുതരമാണ്. ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റും.
സംസ്ഥാനത്ത് അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് എട്ട് ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Content Highlights: Two Guest workers dead at kannur in thunderstorm